കൊവിഡിനോട് പടവെട്ടി വിജയിക്കും; ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുളളതെന്ന് പ്രധാനമന്ത്രി

Friday 14 May 2021 1:43 PM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജൻ ലഭ്യതയും മരുന്നുകളുടെ ലഭ്യതയും കൂട്ടാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്‌സിനേഷൻ തുടരും. പൂഴ്ത്തിവയ്‌പ്പ് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി എടുക്കണം. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുകയാണ്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർഷകർക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നൽകുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മരുന്നുകളുടെ ഉത്പാദനം വൻതോതിലാണ് കൂട്ടിയത്. കൊവിഡ് വാക്‌സിനേഷനിൽ നിന്ന് സർക്കാർ പിൻവലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരെ കോടതികൾ ഉൾപ്പടെ വിമർശനം ഉന്നയിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പിഎം കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ ഒമ്പതര കോടി കര്‍ഷകകുടുംബങ്ങള്‍ക്കായി19,000 കോടി രൂപയുടെ സഹായമാണ് ലഭിക്കുക. നാല് മാസം കൂടുമ്പോൾ രണ്ടായിരം രൂപ വീതം വര്‍ഷം ആറായിരം രൂപ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. പരിപാടിയില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയും ചെയ്‌‌തു. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.