ജോർജ് ഒരു വിഷാദ സ്മൃതി

Saturday 15 May 2021 4:30 AM IST

നല്ല നടനാകാൻ അവസരങ്ങൾക്കായി കൊതിച്ച പി.സി.ജോർജും യാത്രയാകുന്നു

നടനെന്ന നിലയിൽ നല്ല വേഷങ്ങൾക്കായി ദാഹിച്ച മനുഷ്യനായിരുന്നു ഇന്നലെ അന്തരിച്ച പി.സി.ജോർജ്.സിനിമയിൽ അവതരിപ്പിച്ചതിലേറെയും വില്ലൻ വേഷങ്ങളായിരുന്നെങ്കിലും ജീവിതത്തിൽ നിർമ്മലമായ മനസിന്റെ ഉടമയായിരുന്ന സാധാരണക്കാരനായിരുന്നു അദ്ദേഹം.അടുത്തു പരിചയപ്പെടുന്നവർക്ക് ഇത് വേഗം മനസിലാകുമായിരുന്നു.പൊലീസ് ഓഫീസറായിരുന്നെങ്കിലും ഒരുറുമ്പിനെപ്പോലും നോവിക്കാത്തതായിരുന്നു പ്രകൃതം.

തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് താമസിക്കുന്ന വേളയിൽ ജോർജിനെ അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം വീട്ടിൽ പോയിക്കണ്ടതോർക്കുന്നു. സിനിമയിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ചായിരുന്നു അന്ന് സംസാരിച്ചതെല്ലാം. ഒരാളോടും അവസരം ചോദിച്ചുപോകാൻ തയ്യാറുമല്ലായിരുന്നു.രോഗങ്ങൾ നേരുത്തെ അലട്ടിത്തുടങ്ങിയിരുന്നു. നല്ല വേഷങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കാത്ത ദുഖത്തോടെയാണ് ജോർജ് വിടവാങ്ങുന്നത്. അംബ അംബിക അംബാലികയായിരുന്നു ആദ്യ ചിത്രം.പിന്നീട് ടി.കെ.രാജീവ് കുമാറിന്റെ ചാണക്യൻ, സിദ്ദിഖ് ലാലിന്റെ റാംജിറാവു സ്പീക്കിംഗ്, ജോഷിയുടെ സംഘം, കമലിന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.സംഘത്തിലെ മുഖ്യ വില്ലൻ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുമ്പോൾ മാത്രമേ ചലച്ചിത്രലോകം ആളുകളെ ഓർക്കുകയുള്ളു. വീണുപോയാൽ അവഗണനമാത്രമായിരിക്കും അനുഭവം. ജോർജ് പറഞ്ഞത് ഇന്നും ചെവിയിൽ മുഴങ്ങുന്നു.

Advertisement
Advertisement