പാലസ്തീനെതിരായ ആക്രമണം: പ്രതിഷേധിക്കണമെന്ന് സി.പി.എം

Saturday 15 May 2021 12:00 AM IST

തിരുവനന്തപുരം: പാലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന മനുഷ്യത്വവിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കിഴക്കൻ ജെറുസലേമിന്റെ പൂർണമായ അധിനിവേശം ലക്ഷ്യമിട്ടാണ് അൽ അഖ്സ പള്ളിക്ക് നേരെ ആക്രമണം നടത്തുന്നത്. റംസാൻ വ്രതകാലം പോലും പരിഗണിക്കാതെയാണ് അൽഅഖ്സ പള്ളി പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരെ ലക്ഷ്യമിട്ട് ബോംബുകൾ വർഷിച്ചത്. കുട്ടികളും സ്ത്രീകളുമടക്കം നൂറിലധികംപേരാണ് കൊല്ലപ്പെട്ടത്. പാലസ്തീൻ ജനത ഈ സ്ഥലം വിട്ട് പോകണമെന്നാണ് ഇസ്രയേൽ പറയുന്നത്. വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട് തകർക്കുകയാണ്.
പാലസ്തീനിലെ ജനതയ്ക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്നുള്ള യു.എൻ പൊതുസഭ പ്രമേയംപോലും മുഖവിലയ്ക്കെടുക്കാൻ ഇസ്രയേൽ തയ്യാറാകുന്നില്ലെന്നത് അംഗീകരിക്കാനാവില്ല. ഇസ്രയേൽ അധിനിവേശത്തിനെതിരെ പാലസ്തീൻ ജനതയ്ക്ക് കേന്ദ്ര സർക്കാർ പിന്തുണ പ്രഖ്യാപിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

Advertisement
Advertisement