പ്രതിപക്ഷനേതാവ്, മുന്നണി ചെയർമാൻ പദവികൾ വിഭജിച്ചേക്കും: കെ.പി.സി.സിയിൽ പരമാവധി 60 പേർ

Saturday 15 May 2021 12:54 AM IST

തിരുവനന്തപുരം: പുതിയ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകളിലേക്ക് കോൺഗ്രസ് കടക്കാനിരിക്കെ, പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയർമാനും ഒരാൾ വേണ്ടെന്ന ആലോചനയിൽ കോൺഗ്രസ് ഹൈക്കമാൻഡ്.

നിയമസഭാ സമ്മേളനം വൈകാതെ ആരംഭിക്കുമെന്നതിനാൽ, പുതിയ കക്ഷിനേതാവിനെ ഉടൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. 20ന് ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയുടെയും വി.വൈത്തിലിംഗത്തിന്റെയും സാന്നിദ്ധ്യത്തിൽ നിയമസഭാകക്ഷി യോഗം ചേരാനിരുന്നതാണെങ്കിലും ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ അവരുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തിന് സാദ്ധ്യത മങ്ങി. അന്ന് യോഗം ചേരുകയാണെങ്കിൽ ഓൺലൈനിലൂടെ അവർ പങ്കെടുത്തേക്കും.

പാർലമെന്റിൽ പൊതുവായുള്ള കക്ഷിനേതാവും യു.പി.എ ചെയർപേഴ്സണും സോണിയ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരിയുമാണ്. ആ രീതി കേരളത്തിലും വേണമെന്നാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്നറിയുന്നു.

അതേസമയം, നിയമസഭാകക്ഷിയിലെ നിലവിലെ അംഗബലത്തിൽ ഐ ഗ്രൂപ്പിന് മേൽക്കൈയുള്ളതിനാൽ പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല വീണ്ടുമെത്തണമെന്ന വികാരം ഗ്രൂപ്പ് നേതൃത്വം ശക്തിപ്പെടുത്തുകയാണ്. കോൺഗ്രസ് ഉപനേതാവായി പി.ടി. തോമസിനെ കൊണ്ടുവരാൻ എ ഗ്രൂപ്പും ആഗ്രഹിക്കുന്നു. മാറ്റമുണ്ടായാൽ പ്രചരിക്കുന്ന പേരുകളിൽ മുൻതൂക്കം വി.ഡി. സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ്.

 കെ.പി.സി.സി ഭാരവാഹികൾ

കെ.പി.സി.സിയിലെ ജംബോ കമ്മിറ്റികളെല്ലാം ഒഴിവാക്കി, കാര്യശേഷിയും കഴിവുമുള്ളവരെ മാത്രമുൾപ്പെടുത്തി പുന:സംഘടിപ്പിക്കാനാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരും ജനറൽസെക്രട്ടറിമാരും സെക്രട്ടറിമാരുമെല്ലാം ചേർത്ത് പരമാവധി 60 പേരേ ഉണ്ടാകൂവെന്നാണ് സൂചനകൾ. കെ.പി.സി.സി പോഷകസംഘടനകളിലടക്കം അഴിച്ചുപണിയുണ്ടാകും.ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിലും ഡി.സി.സികളിലും അഴിച്ചുപണിയുണ്ടാകും.

 ഗ്രൂപ്പ് അതിപ്രസരവും

അമിത ആത്മവിശ്വാസവും

ഗ്രൂപ്പുകളുടെ അതിപ്രസരവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമുണ്ടായ അമിത ആത്മവിശ്വാസവും സംഘടനാദൗർബല്യവുമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയിലേക്ക് നയിച്ചതെന്നാണ് എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ കൈമാറിയ റിപ്പോർട്ട്. നേതൃതലമുൾപ്പെടെ എല്ലാ തലങ്ങളിലും സമൂല അഴിച്ചുപണിയാണദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നതെന്നറിയുന്നു. തദ്ദേശതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം ഏഴ് ഡി.സി.സികളിൽ നേതൃതലത്തിലടക്കം മാറ്റം നിർദ്ദേശിച്ചിട്ടും ഗ്രൂപ്പുകൾ അതിന് തടയിട്ടെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ തർക്കത്തിൽ തഴയപ്പെട്ടവരുടെയടക്കം മുറിവുണക്കാനുള്ള ഇടപെടലുകളുണ്ടായില്ല. ഹൈക്കമാൻഡും രാഹുൽ ഗാന്ധിയടക്കമുള്ള മുൻനിര നേതാക്കളും ഉണർവേകാൻ ശ്രമിച്ചിട്ടും ഫലമുണ്ടാവാത്തതിന് കാരണം ഇത്തരം പാളിച്ചകളാണെന്നാണ് റിപ്പോർട്ടിലെ വിമർശനം.

Advertisement
Advertisement