പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിനരികെ ,​ കരയുദ്ധത്തിന് ഇസ്രയേൽ; വംശീയ അക്രമം വ്യാപകം

Saturday 15 May 2021 1:49 AM IST

ഗാസയിൽ 103 മരണം, ഇസ്രയേലിൽ 7

ജറുസലേം: ഗാസ അതിർത്തിയിൽ കരസേനയെ വിന്യസിച്ച് ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിന്റെ വക്കിൽ. 9,​000 റിസർവ് ഭടന്മാരെ അടിയന്തര ഡ്യൂട്ടിക്കു വിളിച്ചതിനു പിന്നാലെ, കരയുദ്ധത്തിനു സജ്ജമെന്ന് ഇസ്രയേൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 103 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഏഴുപേർ മരിച്ചു.

അതേസമയം,​ ഇസ്രയേലിനെതിരെ രണ്ടാം പോർമുഖം തുറക്കുംപോലെ ലെബനണിൽ നിന്ന് ഇന്നലെ റോക്കറ്റാക്രമണം ഉണ്ടായി. ഇറാന്റെ പിന്തുണയുള്ള ഹിസ്‌ബുള്ള ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ നിതാന്ത വൈരിയാണ് ഷിയാ ഗ്രൂപ്പായ ഹിസ്ബുള്ള. അവർ ആരോപണം നിഷേധിച്ചു.

അതിനിടെ,​ ഇസ്രയേലിൽ വംശീയ കലാപത്തിന്റെ തുടക്കം പോലെ ജൂതരും അറബ് വംശജരും തമ്മിൽ വ്യാപകമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. കലാപം അമർച്ച ചെയ്യാൻ നിയോഗിച്ച ആയിരത്തിലേറെ പൊലീസുകാർ ജൂതരെയും അറബികളെയും ക്രൂരമായി തല്ലിച്ചതച്ചു.

ഇന്നലെ ഇസ്രയേൽ വ്യോമസേനയ്‌ക്കൊപ്പം പീരങ്കിപ്പടയും ടാങ്കുകളും ഗാസയിലേക്ക് ആക്രമണങ്ങൾ നടത്തി. ഹമാസും ശക്തമായി തിരിച്ചടിച്ചു. സൈന്യം ഗാസയിൽ കടന്നുവെന്ന രീതിയിൽ ഇസ്രയേൽ ആദ്യം പ്രസ്താവന നടത്തിയെങ്കിലും പിന്നീട് തിരുത്തി. അതിനിടെയാണ് കരസേന യുദ്ധത്തിനു തയ്യാറാണെന്നും ഭൂപ്രദേശങ്ങൾ പഠിക്കുകയാണെന്നും സൈന്യം പ്രഖ്യാപിച്ചത്.

രക്ഷാസമിതി നാളെ

സംഘർഷം അവസാനിപ്പിക്കാൻ ഈജിപ്റ്റിന്റെ ദൂതൻ ഇന്നലെ ടെൽ അവീവിൽ എത്തി. പ്രശ്‌നം ചർച്ചചെയ്യാൻ യു. എൻ. രക്ഷാസമിതി നാളെ അടിയന്തര യോഗം ചേരും. അതേസമയം,​ ഇസ്രയേലിന്റെ ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ന്യായീകരിച്ചു.

കനത്ത തിരിച്ചടി ഉണ്ടാകും: ഹമാസ്

തെക്കൻ ഇസ്രയേലിലെ അഷേ‌ദോദ്,​ അഷ്‌കെലോൺ നഗരങ്ങളിലും​ തലസ്ഥാനമായ ടെൽ അവീവിലെ ബെൻഗൂറിയോൺ വിമാനത്താവളത്തിനടുത്തും ഹമാസിന്റെ ഡസൻ കണക്കിന് റോക്കറ്റുകൾ പതിച്ചു. വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം ഭയന്ന് ജനങ്ങൾ വീടുകളിൽ നിന്ന് പലായനം തുടങ്ങി. കരയുദ്ധമുണ്ടായാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.

ഗാസയിൽ ഇതുവരെ 600ലേറെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും, ഗാസയിൽ നിന്ന് 1750 റോക്കറ്റുകൾ പ്രയോഗിച്ചതായും ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ഹമാസിന്റെ നൂറുകണക്കിന് റോക്കറ്റുകളെ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ കവചമായ 'അയൺ ഡോം' മിസൈലുകൾ തകർത്തു.

ഹമാസിന്റെ റോക്കറ്റാക്രമണം ഭയന്ന് ഇസ്രയേൽ ബെൻഗൂറിയോൺ വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും തെക്കൻ ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അവിടേക്കും ഹമാസ് റോക്കറ്റുകൾ പ്രയോഗിച്ചതോടെ നിരവധി അന്താരാഷ്‌ട്ര സർവീസുകൾ റദ്ദാക്കി.

അറബികൾ 20 ശതമാനം

ജൂതരാഷ്‌ട്രമായ ഇസ്രയേലിലെ ജനസംഖ്യയിൽ 20 ശതമാനം അറബികളാണ്. ഇരുവിഭാഗവും ഇടകലർന്നു താമസിക്കുന്ന പട്ടണങ്ങളിലാണ് ഏറ്റുമുട്ടൽ. പൊലീസ് നാനൂറിലേറെ പേരെ അറസ്റ്റ് ചെയ്‌തു. ലോദ് നഗരത്തിൽ ഒരു അറബ് പൗരനെ വെടിവച്ചു. ഒരു ജൂത പള്ളിക്ക് തീവച്ചു. ബാത് യാം നഗരത്തിൽ ജൂത ജനക്കൂട്ടം ഒരു അറബ് വംശജനെ മർദ്ദിച്ച് അവശനാക്കി. നിരവധി വ്യാപാര സ്ഥാപനങ്ങൾ തകർത്തു.

.

Advertisement
Advertisement