ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തി ജപ്പാൻ

Saturday 15 May 2021 1:57 AM IST

ഇന്ത്യൻ താരങ്ങളുടെ ഒളിമ്പിക്സ് മോഹങ്ങൾക്ക് തിരിച്ചടി


ടോക്യോ: ഇന്ത്യയിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ജപ്പാൻ. ഇതോടെ ഒളിമ്പിക്സിനായുള്ള ഇന്ത്യൻ സംഘത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. ഇന്ത്യയെ കൂടാതെ പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ട്. കൊവിഡ് ഇന്ത്യൻ വകഭേദം ഇന്ത്യയിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജപ്പാൻ പൗരന്മാരുടെ സുരക്ഷ പരിഗണിച്ചാണ് ഇന്ത്യയിൽ നിന്നുള്ളവരെ തടഞ്ഞു കൊണ്ടുള്ള ജപ്പാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവ്.

കൊവിഡിനെ തുടർന്ന് മാറ്റിവച്ച ഒളിമ്പിക്സ് നടത്തുന്നതുമായി ബന്ധപ്പെട്ട രണ്ടാം വട്ട തയ്യാറെടുപ്പ് പൂർത്തിയപ്പോഴാണ് കൊവിഡ് രണ്ടാംതരംഗം ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ചത്. നിലവിലെ അപകടകരമായ സാഹചര്യത്തിൽ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ ജപ്പാൻ ജനത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് കൊവിഡ് രൂക്ഷമായി തുടരുന്ന രാജ്യങ്ങളെ പങ്കെടുപ്പിക്കേണ്ട തീരുമാനത്തിൽ സർക്കാർ എത്തിയതെന്നാണ് വിവരം.

പ്രതിവിധിയായി ഇന്ത്യയുടെ മുന്നിലുള്ളത് മുഴുവൻ താരങ്ങളേയും പരിശീലകരേയും ഒരു മാസം മുൻപ് മറ്റൊരു രാജ്യത്ത് എത്തിച്ച് അവിടെ നിന്ന് ജപ്പാനിലെത്തിക്കുക എന്നതാണ്. മാറിയ സാഹചര്യത്തിൽ ഇതിനായുള്ള ചർച്ചകൾ കായികമന്ത്രാലയം ആരംഭിച്ചു.

ഇതിനിടെ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം കൂടിവരുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.

Advertisement
Advertisement