തീരമേഖലയിൽ കടലാക്രമണം രൂക്ഷം, ജീവഭയത്താൽ തീരവാസികൾ

Saturday 15 May 2021 2:41 AM IST

തിരുവനന്തപുരം: ന്യൂനമർദ്ദത്തിനെ തുടർന്ന് ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി. പൂന്തുറ, വലിയതുറ, ചെറിയതുറ ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായ വ്യാപക കടൽ ക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇന്നലെ ഉച്ചയോടെയാണ് ശക്തമായ കാറ്റും കൂറ്റൻ തിരമാലകളും അടിച്ചുകയറിയത്. ചുഴലിക്കാറ്റ് ഞായറാഴ്ച വരെ ഉണ്ടാകുമെന്ന അറിയിപ്പ് തുടരുന്നതിനാൽ കടലിൽ പോയ മുഴുവൻ വള്ളക്കാരും മടങ്ങിയെത്തിയിട്ടുണ്ട്.

പൂന്തുറ ചേരിയമുട്ടം മേഖലയിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. വലിയതുറ ഡോൺ ബോസ്കോ ഗ്രൗണ്ടിന് സമീപം അച്ചാമ്മയുടെ ഇരുനില വീട് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. കടലാക്രമണത്തിൽ വീടിന്റെ തറ മണ്ണ് തിരമാലയിൽ ഇളകിപ്പോയ നിലയിലാണ്. തുടർന്ന് ജിയോബാഗ് അടക്കം നിക്ഷേപിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിലും അപകടനില തുടരുകയാണ്. ഈ വീട്ടിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. എന്നാൽ 130 ലധികം പേർ ഏകദേശം ഒന്നര വർഷത്തിലേറെയായി കഴിയുന്ന ക്യാമ്പിലെ അസൗകര്യം കാരണം ഇവർ വീണ്ടും ഇടിഞ്ഞുവീഴാറായ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ചെറിയതുറ, വലിയതുറ, കുഴിവിളാകം, കൊച്ചുതോപ്പ്, വലിയതോപ്പ്, ശംഖുംമുഖം, കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി, വലിയവേളി, പള്ളിത്തുറ, തുമ്പ മേഖലകളിലും കടൽക്ഷോഭം കൂടുതലാണ്. പൂന്തുറയിൽ കരയിൽ കയറ്റിയിട്ടിരുന്ന നൂറിലധികം മത്സ്യ ബന്ധനബോട്ടുകൾക്ക് മുകളിലേക്ക് തിര ശക്തമായി അടിച്ചെത്തി. തുടർന്ന് കൗൺസിലർ മിലാനി പെരേരയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ ശ്രമിച്ച് മുഴുവൻ ബോട്ടുകളും തീരത്തു നിന്നും ഏറെ ദൂരേക്ക് മാറ്റിയിട്ടു. വലിയതുറ സെന്റ് ആന്റണീസ് ഫുട്‌ബാൾ ഗ്രൗണ്ടിന്റെ എഴുപത് ശതമാനത്തോളം കടലെടുത്തു. സമീപത്തെ നാലാം വരിയിലുള്ള നിരവധി വീടുകൾ തകർച്ചാഭീഷണിയിലാണ്. ഇവിടങ്ങളിൽ കടൽഭിത്തിയില്ലാത്തതാണ് അപകടത്തിനുകാരണമായത്. മുൻപ് കടലാക്രമണത്തിൽ തകർന്ന നൂറ്റിതൊണ്ണൂറ്റി രണ്ടോളം വരുന്ന ഒന്നാം വരി, രണ്ടാം വരി വീടുകളുടെ തകർന്നുകിടക്കുന്ന ഭിത്തിയിലും അവശിഷ്ടങ്ങളിലും തിരമാലകൾ തട്ടിനിൽക്കുന്നതാണ് കടൽക്ഷോഭത്തിന്റെ തീവ്രത കുറയാൻ കാരണം.

പൂന്തുറ മേഖലയിൽ പുലിമുട്ട് ഇട്ടതോടെയാണ് തിരമാലകൾ ശക്തിയോടെ ഈ മേഖലയിലേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ അതേ മാതൃകയിൽ ചെറിയതുറ, വലിയതുറ മേഖലയിലും കടൽഭിത്തി പണിയുമെന്ന് അധികൃതർ പറയുകയും ചെയ്തിരുന്നു. എന്നാൽ ഓരോ കടലാക്രമണം വരുമ്പോഴും ജിയോബാഗ് പോലെ തട്ടിക്കൂട്ട് ഏർപ്പാട് നടത്തുന്നതല്ലാതെ സ്ഥിരമായ സംവിധാനം ഒരുക്കാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വലിയതുറ സ്വദേശി ത്രേസ്യാമ്മ ബോസ്‌കോ പറഞ്ഞു.


ശക്തമായ കടലാക്രമണമാണ് കഴിഞ്ഞ ദിവസം മുതൽ ഉണ്ടാകുന്നത്. കടലോര നിവാസികളുടെ ദുരിതം തീർക്കാൻ കടൽഭിത്തി ഉയരം കൂട്ടി നിർമ്മിക്കാൻ സർക്കാർ തയ്യാറാകണം.

-മിലാനി പെരേര
(കൗൺസിലർ )

Advertisement
Advertisement