ഒരാളിൽ രണ്ടു ഡോസ് കൊവിഡ് വാക്സിൻ കുത്തിവച്ചാൽ

Saturday 15 May 2021 2:47 AM IST

ലണ്ടൻ : കൊവിഡ് വാക്സിനുകൾ ആദ്യമായി ലഭ്യമായി തുടങ്ങിയ സമയത്ത് നല്കിയിരുന്ന പ്രധാന നിർദ്ദേശമായിരുന്നു ഒരു ഡോസ് എടുത്തവർക്ക് അതേ വാക്സിൻ തന്നെ രണ്ടാം ഡോസ് നൽകണമെന്നത്. എന്നാൽ വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആദ്യ ഡോസ് എടുത്തവർക്ക് അതേ ഡോസ് തന്നെ കിട്ടുമോ എന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്.

ഈ സാഹചര്യത്തിലാണ് വാക്സിനെടുക്കുന്ന ഒരു വ്യക്തിക്ക് ആദ്യ ഡോസും രണ്ടാം ഡോസും രണ്ട് വ്യത്യസ്ത വാക്സിനുകളാണെങ്കിൽ അതിന്റെ ഫലം എന്തായിരിക്കുമെന്നതിനെ കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ചത്. ഫ്രാൻസിൽ നടത്തിയ പരീക്ഷണത്തിൽ ഇത്തരത്തിൽ വാക്സിൻ കൂട്ടിക്കലർത്തി ഉപയോഗിക്കുന്നത് ഹ്രസ്വകാലത്തേക്ക് ഗുരുതരമല്ലാത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

ഫ്രാൻസിൽ ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണത്തിൽ ആദ്യ ഡോസ് ആസ്ട്രസെനകയും രണ്ടാം ഡോസ് ഫൈസർ വാക്സിനുമാണ് കുത്തിവെച്ചത്. ഇത്തരത്തിൽ വാക്സിൻ സ്വീകരിച്ചവരിൽ തലവേദന, ക്ഷീണം തുടങ്ങിയ പാർശ്വഫലങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ദ ലാൻസറ്റ് മെഡിക്കൽ ജേണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അമ്പതിന് മുകളിൽ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തിയത്.കൂട്ടിക്കലർത്തിയ വാക്സിൻ ഡോസുകൾ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിന് കടുത്ത ക്ഷീണവും തലവേദനയും റിപ്പോർട്ട് ചെയ്തു. ഒറ്റ ഡോസ് സ്വീകരിച്ച മൂന്ന് ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

എത്രത്തോളം പ്രതിരോധശേഷി ഇത്തരത്തിൽ കൂട്ടിക്കലർത്തിയ വാക്സിനുകൾക്ക് നൽകാനാവുമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഓക്സ്ഫഡ് പീഡിയാട്രിക്സ് ആൻഡ് വൈറോളജി പ്രൊഫസർ മാത്യു സ്നാപ്പ് വ്യക്തമാക്കി.

Advertisement
Advertisement