വൈദ്യുതിയും വെള്ളവുമില്ല, വലഞ്ഞ് ജനം

Sunday 16 May 2021 12:00 AM IST

കോട്ടയം: തോരാമഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ മരങ്ങളും പോസ്റ്റും ഒടിഞ്ഞുവീണ് വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായതിനു പിറകേ പമ്പിംഗ് നിലച്ച് കുടിവെള്ളവിതരണവും തടസപ്പെട്ടു. ഇതോടെ വീടിനുള്ളിൽ ലോക്ഡൗണിലായ ജനം ശരിക്കും വലഞ്ഞു.

ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി വൈദ്യുതി തടസപ്പെട്ടു. കൊതുകു ശല്യവും കൂടിയതോടെ കാളരാത്രിയായി . കാറ്റിലും മഴയിലും 11 കെ.വി.ലൈൻ തകരാറിലായതാണ് കാരണം. കോട്ടയം നഗരത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഇരുട്ടിലായി. വൈദ്യുതി ഇല്ലാതായതോടെ വെള്ളം പമ്പുചെയ്യാനാകാതെ ജലവിതരണവും തടസപ്പെട്ടു. ലോക്ക് ഡൗണിലായതിനാൽ കുടിവെള്ളം തേടി പുറത്തുപോകാനും കഴിയാതെ വന്നു. ഇന്നലെ ഉച്ചയോടെയാണ് പലയിടത്തും വൈദ്യുതി എത്തിയത്.

 വലഞ്ഞ് വൈദ്യുതി , ഫയർ ഫോഴ്സും

കോട്ടയം സെൻട്രൽ സെക്ഷനിൽ തിരുവാതുക്കൽ -ഇല്ലിക്കൽ ഭാഗത്ത് 11 കെ.വി.ലൈനിൽ മാത്രം ശക്തമായ കാറ്റിൽ മരങ്ങൾ വീണ് 11 പോസ്റ്റുകൾ തകർന്നു . കമ്പി പൊട്ടി വീണു. ലോ ടെൻഷനിൽ അഞ്ച് പോസ്റ്റും നിലം പൊത്തി.ലോക് ഡൗണായിട്ടും പെരുമഴ വകവയ്ക്കാതെ വൈദ്യുതി, ഫയർഫോഴ്സ് ജീവനക്കാരുടെ കഠിനാദ്ധ്വാനത്താലാണ് തകരാറുകൾ ഇന്നലെ വൈകുന്നേരത്തോടെ പരിഹരിച്ചത്. മാണിക്കുന്നം ഭാഗത്തെ തകരാർ പരിഹരിക്കുന്നതിന് കൗൺസിലർ എം.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ തൊഴിലാളികളും നാട്ടുകാരുമിറങ്ങി 2018ലെ പ്രളയത്തിന് ശേഷം ഇത്രയും വ്യാപക നാശനഷ്ടം വൈദ്യൂതി ബോർഡിനുണ്ടാകുന്നത് ആദ്യമാണെന്ന് സെൻട്രൽ സെക്ഷൻ എ.ഇ. സിജോ പറഞ്ഞു.

ഇന്നലെ പ്രധാനമായും ഫയർ ഫോഴ്സ് ജീവനക്കാർക്ക് മരങ്ങൾ വെട്ടി മാറ്റുന്ന ജോലിയായിരുന്നു. ജലനിരപ്പ് ഉയർന്നതോടെ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ കൂടുമെന്നതിനാൽ കുട്ടികൾ പുറത്തിറങ്ങുന്നതിൽ രക്ഷകർത്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

 ലക്ഷങ്ങളുടെ നഷ്ടം

കോട്ടയം നഗരത്തിനും കുമരകം. തിരുവാർപ്പ്, അയ്മനം, ആർപ്പുക്കര, നീണ്ടൂർ, വൈക്കം, പ്രദേശങ്ങൾക്കും പുറമേ പാലാ, ഈരാറ്റുപേട്ട ,മുണ്ടക്കയം കാഞ്ഞിരപ്പള്ളി അടക്കം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങളൊടിഞ്ഞ് പോസ്റ്റിൽ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പാലാ കരൂരിൽ നിരവധി റബർ മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി.

 ലൈൻ പൊട്ടീവീഴാൻ സാദ്ധ്യത

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടി വീഴാൻ സാദ്ധ്യതയുള്ളതിനാൽ വീടിനു പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. വെള്ളത്തിലായ പ്രദേശങ്ങളിൽ ലൈൻ പൊട്ടി വീണ് അപകട സാദ്ധ്യത കൂടുതലാണ് . അപകടങ്ങളോ അപകട സാദ്ധ്യതയോ ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബി സെക്‌ഷൻ ഓഫീസുകളിലോ എമർജൻസി നമ്പരായ 9496 010101 ലോ ബന്ധപ്പെടണം

Advertisement
Advertisement