'രണ്ട് ലക്ഷം ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റി... പ്രസവിപ്പിച്ചു'; വീണ്ടും വർഗീയ പരാമർശം നടത്തിയ പിസി ജോർജിനെതിരെ കേസെടുത്തു

Saturday 15 May 2021 7:02 PM IST

കോട്ടയം: മുസ്ലിം സമുദായത്തിനെതിരെ വീണ്ടും വിദ്വേഷ പരാമർശം നടത്തിയ ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുൻ എംഎൽഎയുമായ പിസി ജോർജിനെതിരെ കേസ്. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവർത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

മേയ് ഒമ്പതാം തീയതി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ എംഎൽഎ ഇക്കാര്യം പറഞ്ഞത്. ജോർജിന്റെ പരാമർശം വംശീയമാണെന്നും ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പിസി ജോർജിന്റെ ഈ അഭിമുഖത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളം മുസ്ലീം സ്‌റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചുവെന്നുമാണ് പിസി ജോര്‍ജ് തന്റെ അഭിമുഖത്തിൽ പറഞ്ഞത്.

2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്നും ഇതേ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ ആരോപിക്കുന്നുണ്ട്. മുമ്പും ഇത്തരത്തിൽ ലൗ ജിഹാദിനെ കുറിച്ച് പിസി ജോർജ് നടത്തിയ പരാമർശം വിവാദമായിരുന്നു.

content details: pc george again makes communal remark against muslim community.