രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

Sunday 16 May 2021 12:12 AM IST

ന്യൂഡൽഹി: ദേശീയതലത്തിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്കും ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നു. രോഗമുക്തി നിരക്ക് തുടർച്ചയായി ഉയരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് 19.8 ആയി. പത്തുശതമാനത്തിലേറെ പോസിറ്റിവിറ്റിയുള്ള ജില്ലകളുടെ എണ്ണം 516 ആയും കുറഞ്ഞു.

ഡൽഹി, ഛത്തീസ്ഗഡ്, ദാമൻ ദിയു, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പോസിറ്റിവിറ്റി കുറഞ്ഞത്. പ്രതിദിന രോഗികളെക്കാൾ രോഗമുക്തരുടെ എണ്ണവും കൂടുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 3.53 ലക്ഷം പേർ രോഗമുക്തരായി. 3890 പേർ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 31,091 പേരുടെ കുറവുണ്ടായി. 36.73 ലക്ഷപേരാണ് ചികിത്സയിലുള്ളത്. ഇതിൽ 77.26 ശതമാനവും കർണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, ആന്ധ്ര, തമിഴ്‌നാട്, യു.പി, പശ്ചിമബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ 11 സംസ്ഥാനങ്ങളിലാണ്. കർണാടകയിൽ 5.98 ലക്ഷവും മഹാരാഷ്ട്രയിൽ 5.21 ലക്ഷം പേരുമാണ് ചികിത്സയിലുള്ളത്. 4.40 ലക്ഷം കടന്ന കേരളമാണ് മൂന്നാമത്.

17 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ ആക്ടീവ് കേസുകൾ അര ലക്ഷത്തിൽ താഴെയാണ്. അരലക്ഷത്തിനും ഒരു ലക്ഷത്തിനും ഇടയിൽ പേർ ചികിത്സയിലുള്ള സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങൾ എട്ടാണ്.

മലപ്പുറം, പാലക്കാട്, കൊല്ലം ഗുരുതരം

മഹാരാഷ്ട്ര, യു.പി, ബീഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുറയുകയാണ്. എന്നാൽ തമിഴ്‌നാട്, കേരളം, കർണാടക, ഒഡിഷ, ആന്ധ്ര, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉയർന്നുതന്നെ നിൽക്കുന്നു. കേരളത്തിൽ മലപ്പുറം, പാലക്കാട്, കൊല്ലം, തമിഴ്നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ എന്നിവ ഉൾപ്പെടെ രാജ്യത്തെ 15 ജില്ലകളിൽ രണ്ടാഴ്ചയായി കേസുകൾ വർദ്ധിക്കുന്നു. ഇവിടെ പ്രതിരോധവും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.