രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരും ഉദ്യോഗസ്ഥരും,​ രൂക്ഷവിമർശനവുമായി ആർഎസ്എസ്

Saturday 15 May 2021 8:35 PM IST

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർ‌ശനവുമായി ആ‍ർ.എസ്.എസ് മേധാവി മോഹൻഭഗവത്. ഇന്ത്യയിൽ ഇപ്പോൾ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം ഒന്നാം തരംഗത്തിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാൻ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിനായി ആർ.എസ്.എസ് സംഘടിപ്പിച്ച 'പോസിറ്റിവിറ്റി അൺലിമിറ്റഡ്' എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം തരംഗത്തിനു ശേഷം നാമെല്ലാം അലംഭാവം കാട്ടി. സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും എല്ലാവരും. ഇത് വരികയാണെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഡോക്ടർമാർ നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അത് അവഗണിച്ചു. ഇപ്പോൾ പറയുന്നു ഒരു മൂന്നാം തരംഗം വരുന്നെന്ന്. അതിനെ നമ്മൾ ഭയക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള മനോഭാവം കാണിക്കോണോ?'– മോഹൻ ഭാഗവത് ചോദിച്ചു.നിലവിലെ സാഹചര്യങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് സർക്കാരും ജനങ്ങളും പ്രവർത്തിക്കണം. ഗുണദോഷങ്ങളെക്കുറിച്ചു തർക്കത്തിന് മുതിരാതെ രോഗത്തെ ഒന്നിച്ചുനേരിടണമെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞു

Advertisement
Advertisement