2- ഡി .ജി കൊവിഡ് മരുന്ന് അടുത്ത ആഴ്ച രോഗികൾക്ക്

Sunday 16 May 2021 12:42 AM IST

ന്യൂഡൽഹി:കൊവിഡ് ചികിത്സയ്‌ക്ക് ഇന്ത്യൻ ശാസ്‌ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2- ഡി ഓക്‌സി - ഡി - ഗ്ലൂക്കോസ് ( 2 - ഡി ജി ) മരുന്ന് അടുത്തയാഴ്ച ഡി.ആർ.ഡി.ഒയുടെ ആശുപത്രികളിൽ രോഗികൾക്ക് നൽകിത്തുടങ്ങും. 10,000 ഡോസ് മരുന്ന് തയ്യാറായതായി ഡി.ആർ.ഡി.ഒ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുത്ത രോഗികൾക്കാണ് മരുന്ന് നൽകുക.

ഉൽപാദനം കൂട്ടുമെന്ന് അറിയിച്ച ഡി.ആർ.ഡി.ഒ മരുന്ന് പൊതുവിപണിയിൽ എന്ന് കിട്ടുമെന്നു പറഞ്ഞിട്ടില്ല. ഒരു മാസത്തിനുള്ളിൽ രാജ്യത്തെ മറ്റ് ആശുപത്രികളിലും 2-ഡി.ജി മരുന്ന് എത്തിയേക്കും.

റഷ്യൻ വാക്സിനായ സ്‌പുട്നിക് ഇന്ത്യയിൽ നിർമ്മിക്കുന്ന ഡോ. റെഡ്ഢീസ് ലാബോറട്ടറീസുമായി ചേർന്നാണ് ഡി.ആർ.ഡി.ഒ മരുന്ന് വികസിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് നിർമ്മിക്കാൻ ഡോ. റെഡ്ഢീസ് ലാബോറട്ടറീസുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.

നേരത്തേ രോഗമുക്തി

ഐ.സി.എം.ആർ നിർദ്ദേശിച്ചിട്ടുള്ള ചികിത്സയ്‌ക്കൊപ്പം 2 - ഡി ജി മരുന്നു കൂടി നൽകുമ്പോഴാണ് കൂടുതൽ ഫലപ്രദമാകുന്നത്. വെള്ളത്തിൽ അലിയിച്ച് കഴിക്കുന്ന പൊടിരൂപത്തിലുള്ള മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ തെരഞ്ഞു പിടിച്ച് പ്രവർത്തിക്കും. മിതമായും തീവ്രമായും രോഗമുള്ളവരിൽ വൈറസ് പെരുകുന്നത് തടഞ്ഞ്,​ രണ്ടര ദിവസം നേരത്തേ രോഗമുക്തിയുണ്ടാകും. ജനിതക മാറ്റം വന്ന വൈറസിനും ഫലപ്രദമാണെന്നും ഓക്സിജൻ ചികിത്സ കുറയ്‌ക്കാമെന്നും തെളിഞ്ഞിട്ടുണ്ട്.

Advertisement
Advertisement