പോസ്റ്റ് മറിയുന്നു, ലൈൻ പൊട്ടുന്നു... പണിയെടുത്ത് തളർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ

Sunday 16 May 2021 12:00 AM IST

ആലപ്പുഴ: രൂക്ഷമായ കാറ്റിലും മഴയിലും രാപ്പകൽ ഭേദമില്ലാതെ വൈദ്യുതലൈനുകൾ വ്യാപകമായി പൊട്ടിവീഴുന്നതിനാൽ, ഭക്ഷണം പോലും കഴിക്കാനാവാത്ത വിധം ജോലിത്തിരക്കിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ. മഴയിൽ നാശനഷ്ടങ്ങൾ വർദ്ധിച്ചതോടെ റിസർവ്ഡ് ജീവനക്കാർ, വിരമിച്ചവർ, കോൺട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവർ അടക്കം പരമാവധി ആളുകളെ തിരിച്ചു വിളിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ നഗരത്തിലടക്കം വൻമരങ്ങൾ വീണുണ്ടായ നാശനഷ്ടങ്ങൾ പൂർണമായി പരിഹരിക്കാൻ കുറഞ്ഞത് രണ്ട് ദിവസം കൂടി വേണ്ടി വരുമെന്ന് അധികൃ‌തർ വ്യക്തമാക്കുന്നു. നിലവിൽ 11കെ.വി ലൈനുകളുടെ തകരാറുകൾ പരമാവധി പരിഹരിക്കപ്പെട്ടു.

മഴ മുന്നിൽ കണ്ട് അപകടകാരികളായ മരങ്ങൾ വെട്ടി മാറ്റുന്നതിൽ സ്വകാര്യ വ്യക്തികളും പി.ഡബ്ല്യു.ഡിയും കാണിച്ച അലംഭാവമാണ് നിലവിൽ സ്ഥിതി ഗുരുതരമാക്കിയത്. ടച്ചിംഗ് വെട്ട് സമയത്ത് സ്വകാര്യ വ്യക്തികൾ തങ്ങളോട് സഹകരിക്കാറില്ലെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ കാറ്റും മഴയും എത്തിയതോടെ എല്ലാവരും ശിഖരം വെട്ടാൻ വിളിക്കുകയാണ്. വലിയ മരങ്ങളുടെ ശിഖരം മാത്രം കോതി വിടുന്നത് അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. മരത്തിന്റെ ബാലൻസിനെ ഇത് പ്രതികൂലമായി ബാധിക്കും. ആലപ്പുഴയിലെ ഭൂപ്രകൃതിയിൽ മഴ കനത്ത് മണ്ണ് അധികമായി നനയുന്നതോടെ സന്തുലിതാവസ്ഥയില്ലാത്ത മരങ്ങൾ നിലം പതിക്കും.

# മറച്ചുവയ്ക്കരുത് കൊവിഡ്

വൈദ്യുതി ലൈനുകളിലെ പ്രശ്നപരിഹാരത്തിനായി വിളിച്ചുവരുത്തുമ്പോൾ, വീടുകളിൽ കൊവിഡ് രോഗിയുണ്ടെങ്കിൽ വിവരം മറച്ചുവെയ്ക്കരുതെന്ന് ജീവനക്കാർ അഭ്യർത്ഥിക്കുന്നു. മീറ്റ‌ർ റീഡിംഗിനും അറ്റകുറ്റപ്പണികൾക്കും വീടുകളിലെത്തുമ്പോഴാണ് രോഗികളുള്ള വിവരം പലപ്പോഴും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം ദുരനുഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാർ സോഷ്യൽ സാമൂഹിക മാദ്ധ്യമങ്ങൾ വഴി അഭ്യർത്ഥനയിറക്കിയത്. രോഗിയുള്ള വീട്ടിലെത്തുന്ന ജീവനക്കാരൻ പോസ്റ്റിൽ കയറാൻ ഉൾപ്പടെ പി.പി.ഇ കിറ്റ് ധരിക്കേണ്ടതുണ്ട്. ചുരുങ്ങിയത് രണ്ട് ജീവനക്കാർ വേണ്ടി വരും. ഒരു വീട്ടിൽ ഉപയോഗിച്ച പി.പി.ഇ കിറ്റ് അടുത്ത സ്ഥലത്ത് ഉപയോഗിക്കാനാവില്ല. ഉപയോഗ ശേഷം വീടുകളിൽ പോയി കുളിച്ച ശേഷമാണ് ജീവനക്കാർ അടുത്ത സ്ഥലത്തേക്ക് പോകേണ്ടത്. ബുദ്ധിമുട്ടുകൾ മനസിലാക്കി സഹകരിക്കാനും രോഗവ്യാപനമുണ്ടാകാതിരിക്കാനും ജനങ്ങൾ സഹകരിക്കണമെന്നാണ് കെ.എസ്.ഇ.ബിക്കാരുടെ അപേക്ഷ.

..............

വ്യാപകമായ നാശനഷ്ടങ്ങളാണ് കഴിഞ്ഞദിവസങ്ങളിലെ മഴയിലുണ്ടായത്. കൃത്യസമയത്ത് മരങ്ങൾ മുറിച്ചു മാറ്റിയിരുന്നെങ്കിൽ അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാനാകുമായിരുന്നു. കൂടുതൽ ജീവനക്കാരെ വിളിച്ചുവരുത്തിയാണ് പ്രശ്നപരിഹാരം നടത്തുന്നത്

കെ.എസ്.ഇ.ബി എക്സ്കിക്യുട്ടിവ് എൻജിനീയ‌ർ, ആലപ്പുഴ സൗത്ത്

Advertisement
Advertisement