പെയ്തൊഴിയാതെ... കടലടങ്ങാതെ...

Sunday 16 May 2021 12:00 AM IST

ആലപ്പുഴ: ജില്ലയെ പിടിച്ചുലയ്ക്കും വിധം തുടരുന്ന ശക്തമായ കാറ്റിലും മഴയിലും രൂക്ഷമായ കടൽ ക്ഷോഭത്തിലും വ്യാപക നാശം. ഇന്നലെ വരെ 15വീടുകൾ പൂർണ്ണമായും 278 വീടുകൾ ഭാഗികമായും തകർന്നു. 2000ൽ അധികം വീടുകൾ വെള്ളക്കെട്ടിലായി. നൂറുകണക്കിന് മരങ്ങൾ കടപുഴകി. വീടുകളുടെ മേൽക്കൂര തകർന്നു. ഷീറ്റുകളും ഓടും കാറ്റിൽ പറന്നു. വിവിധ കേന്ദ്രങ്ങളിലായി 50 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നെൽകൃഷിയും കരക്കൃഷിയും വ്യാപകമായി നശിച്ചു. പ്രളയ ജലം കടലിലേക്ക് ഒഴുക്കാനായി തോട്ടപ്പള്ളി പൊഴിമുഖം ഇന്നലെ ഉച്ചയോടെ തുറന്നു. നീരോഴുക്ക് രാത്രിവരെ ശക്തി പ്രാപിച്ചില്ല. കാറ്റിൽ മരങ്ങൾ കടപുഴുകി വീണതിനാൽ വെള്ളിയാഴ്ച ഉച്ചമുതൽ ജില്ലയുടെ പലഭാഗങ്ങളിലും വൈദ്യുതി പൂർണ്ണമായും നിലച്ചതിനാൽ കുടിവെള്ള വിതരണം മുടങ്ങി. ആലപ്പുഴ കണ്ണവർക്കി പാലത്തിന് സമീപം ഉച്ചയോടെ തണൽമരം വീണു. ലൈനിൽ വീണ മരങ്ങൾ ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മുറിച്ചു നീക്കി വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ജോലികൾ നടക്കുന്നു. നാശനഷ്ടത്തിന്റെ വിവരങ്ങൾ റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തിട്ടപ്പെടുത്തുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തിൽ കണക്കെടുപ്പ് വൈകും.

# സർവ്വത്ര വെള്ളം

കാർത്തികപ്പള്ളി, മാവേലിക്കര, കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളാണ് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നത്. കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴയിൽ ഒന്നും തൃക്കുന്നപ്പുഴയിൽ അഞ്ചും താമരക്കുളത്ത് ഏഴും മാവേലിക്കര നഗരസഭയിൽ കൊവിഡ് ക്വറന്റൈനിൽ കഴിയുന്ന ഒരു കുടുംബത്തെയും ഒറ്റമശ്ശേരിയിൽ 10 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കരുവാറ്റ, ചെറുതന, കുമാരപുരം, ചേപ്പാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ 600 വീടുകളും ചേർത്തലയിൽ 600, മാവേലിക്കരയിൽ 100, കുട്ടനാട്ടിൽ 300, അമ്പലപ്പുഴയിൽ 250 വീടുകളുമാണ് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നത്. തുറവൂർ പഞ്ചായത്ത് ഒന്ന്, 16 വാർഡുകളിലാണ് വെള്ളപ്പൊക്കം രൂക്ഷം.

# കടൽക്കലി

അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിൽ കടലാക്രമണം ഇന്നലെയും അതിരൂക്ഷമായിരുന്നു. തിരമാലകൾ കടൽഭിത്തിയുടെ മുകളിലൂടെയും ഭിത്തി ഇല്ലാത്ത ഭാഗത്തുകൂടിയും ഇരച്ചു കയറിയാണ് ദുരിതം വിതച്ചത്. ഇന്നലെ ചേർത്തല ഒറ്റമശ്ശേരിയിൽ 8 വീടുകൾ തകർന്നു. കടക്കരപ്പള്ളി, പട്ടണക്കാട്, അന്ധകാരനഴി, ഒറ്റമശ്ശേരി, ചേന്നവേലി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, നീർക്കുന്നം, പുറക്കാട്, ആറാട്ടുപുഴ ഭാഗങ്ങളിൽ കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളുടെ തീരത്ത് കടലാക്രമണം ശക്തമാണ്. ആറാട്ടുപുഴയിൽ ഒരു വീടും തൃക്കുന്നപ്പുഴയിൽ അഞ്ച് വീടുകളും ചേർത്തല ഒറ്റമശ്ശരിയിൽ പത്ത് വീടുകളും കടലേറ്റത്തിൽ തകർന്നു. തീരത്തോട് ചേർന്ന് നിൽക്കുന്ന 100ൽ അധികം വീടുകൾ ഏത് സമയവും കടൽ കവരുമെന്ന സ്ഥിതിയിലാണ്. കരയിൽ കയറ്റിവച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ കടലെടുത്തു. പുന്നപ്ര ഫിഷ്ലാൻഡിംഗ് സെന്റർ ഏത് നിമിഷവും നിലം പൊത്തും. വലിയഴീക്കൽ, വട്ടച്ചാൽ, രാമഞ്ചേരി, ആറാട്ടുപുഴ, പത്തിശ്ശേരി, മംഗലം, പതിയാങ്കര, തൃക്കുന്നപ്പുഴ, ചേലക്കാട്, പാനൂർ, പല്ലന തോപ്പ് മുക്ക്, പുത്തൻപുര മുക്ക്, കുമാരകോടി ജംഗ്ഷന് പടിഞ്ഞാറ്, പുലത്തറ, ഐമനം, പുന്തല, കാക്കാഴം, പുന്നപ്ര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ, ആലപ്പുഴ ബീച്ച്, ഓമനപ്പുഴ, തുറവൂർ,അരൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ പെരുമ്പള്ളിയിൽ തീരദേശ റോഡ് പൂർണ്ണമായും തകർന്നു. പലേടത്തും റോഡ് മണ്ണിനടിയിലാണ്. അരൂരിൽ കടലാക്രമണത്തിൽ 50 വീടുകളിൽ വെള്ളം കയറി. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം സജ്ജമാണ്.

# കരക്കൃഷി

എല്ലാ താലൂക്കുകളിലും വൻ കൃഷിനാശമാണ് സംഭവിച്ചത്. 14 പഞ്ചായത്തുകളിലെ 19 പാടശേഖരങ്ങളിലായി വിളവെടുപ്പ് പ്രായമായ 200ൽ അധികം ഹെക്ടറിലെ നെൽക്കൃഷി നിലംപൊത്തി. 2500ൽ അധികം മെട്രിക് ടൺ നെല്ല് സംഭിരിക്കാനാകാതെ മഴയിൽ നശിക്കുന്നു. കപ്പ, വാഴ, ചേന, ചേമ്പ്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, പയർ ഇതര ഇടവിള കൃഷികൾ തുടങ്ങിയവയാണ് നശിച്ചത്. എടത്വയിൽ മാത്രം 800ൽ അധികം വാഴ നശിച്ചു.

# മുന്നറിയിപ്പ്

മണിമല, അച്ചൻകോവിൽ നദികളിൽ പ്രളയ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ നദികളുടെ ഇരുകരളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

# 11 ക്യാമ്പുകൾ

വിവിധ താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി കകളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. 73 കുടുംബങ്ങളിലെ 219 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 89 പുരുഷൻമാരും 87 സ്ത്രീകളും 43 കുട്ടികളുമുണ്ട്. കൂടാതെ ജില്ലയിൽ 16 ഭക്ഷണവിതരണ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. 549 കുടുംബങ്ങളിലെ 1887 പേർക്കാണ് ഭക്ഷണം നൽകുന്നത്. അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലാണ് ഭക്ഷണവിതരണ ക്യാമ്പുകൾ ആരംഭിച്ചത്.

# ഇടമിന്നൽ അറിയാൻ ആപ്പ്

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഇടിമിന്നൽ മുന്നറിയിപ്പിനായി മൊബൈൽ ആപ് പുറത്തിറക്കിയിട്ടുണ്ട്. പേര് ദാമിനി. ദാമിനി എന്നാൽ മിന്നൽ എന്നാണ് ഹിന്ദിയിൽ അർത്ഥം. ജി.പി.എസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പിൽ സ്ഥലങ്ങളുടെ പേരു നൽകിയാൽ അവിടെയുള്ള മിന്നൽ സാദ്ധ്യതാ മുന്നറിയിപ്പ് ലഭിക്കും. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ മുന്നറിയിപ്പ് മെസേജായി ഫോണിലേക്കെത്തും.

# പൊതുജനങ്ങൾക്ക് വിളിക്കാം

കൺട്രോൾ റൂം-ആലപ്പുഴ കളക്ടറേറ്റ്: 0477 -2238630, ടോൾ ഫ്രീ: 1077
താലൂക്ക് ഓഫിസുകൾ-ചേർത്തല: 0478-2813103, അമ്പലപ്പുഴ: 0477-2702221, കുട്ടനാട്: 0479-2412797, മാവേലിക്കര: 0479-2302216, ചെങ്ങന്നൂർ: 0479 2452334

 വൈദ്യുതി വകുപ്പ് കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ: 1912

Advertisement
Advertisement