മോദിയെ വിമർശിച്ച് പോസ്റ്റർ, ഡൽഹിയിൽ 15 പേർ അറസ്റ്റിൽ

Monday 17 May 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ദേശീയ തലസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ 15 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിലായി പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി 17 കേസുകളാണ് എടുത്തത്. പോസ്റ്ററുകൾക്ക് പിന്നിലെ യഥാർത്ഥ കരങ്ങളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

മോദിജി, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചത് എന്ന പോസ്റ്ററാണ് ഡൽഹിയിൽ വ്യാപകമായി പതിച്ചത്. വടക്ക് കിഴക്കൻ ഡൽഹിയിൽ 2, സെൻട്രൽ ഡൽഹിയിൽ 4, രോഹിണിയിൽ 2, കിഴക്കൻ ഡൽഹിയിൽ 4, ദ്വാരകയിൽ 2, വടക്കൻ ഡൽഹിയിൽ ഒരാളുമാണ് അറസ്റ്റിലായത്. കല്യാൺപുരിയിൽ നിന്ന് 800ലേറെ പോസ്റ്ററുകളും ബാനറുകളും പിടിച്ചെടുത്തു. 500 രൂപ തന്ന് പോസ്റ്റർ ഒട്ടിക്കാൻ തന്നോട് ആവശ്യപ്പെട്ടതായാണ് അറസ്റ്റിലായ ഒരാൾ മൊഴി നൽകിയതെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Advertisement
Advertisement