ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഇസ്രയേലിനെ ആക്രമിക്കുന്നവരാണ്; ​ഗാസ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരുമെന്ന് നെതന്യാഹു

Sunday 16 May 2021 12:05 PM IST

ജറുസലേം: ഇസ്രയേലിനെതിരെ റോക്കറ്റ് ആക്രമണം നടത്തി ഒരാഴ്ചയായി നടക്കുന്ന യുദ്ധത്തിന് തുടക്കമിട്ടത് ഹമാസാണെന്ന് കുറ്റപ്പെടുത്തി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയ്ക്ക് മേലുളള നടപടി ആവശ്യമുളള കാലത്തോളം തുടരും. സിവിലിയൻ അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.

ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്. ഗാസയിൽ ഓപ്പറേഷൻ തുടരും. അത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം തുടരും. ഹമാസ് സാധാരണക്കാരുടെ പിന്നിൽ ഒളിച്ചിരുന്ന് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ്. പക്ഷേ ഞങ്ങൾ സാദ്ധ്യമായതും സാധാരണക്കാരുടെ ജീവനെടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. തീവ്രവാദികളെ നേരിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും നെതന്യാഹു അവകാശപ്പെട്ടു.

അതേസമയം ഗാസയിലെ ഉന്നത ഹമാസ് നേതാവിന്റെ വീടിനു നേരെ ഇസ്രയേൽ സൈന്യം ബോംബാക്രമണം നടത്തി. ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിനും റോക്കറ്റ് ആക്രമണത്തിനും പിന്നാലെയാണ് ഹമാസ് നേതാവിന്റെ വീട് ലക്ഷ്യമിട്ടത്. ഇക്കാര്യം ഇസ്രായേൽ സൈന്യം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.

സൈനിക വക്താവ് ബ്രി​ഗേഡിയർ ജനറൽ ഹിഡായ് സിൽബെർമാൻ ഇസ്രയേൽ ആർമി റേഡിയോയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന ഹമാസ് നേതാവായ യെഹിയേ സിൻവാറിന്റെ ദക്ഷിണ ഗാസാ സ്ട്രിപ്പിലെ ഖാൻ യൂനിസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന വീടിനുനേരെയാണ് സൈന്യം ആക്രമണം നടത്തിയത്. യെഹിയേ ഒഴിവിൽ കഴിയാൻ സാദ്ധ്യത കൽപ്പിക്കുന്ന താവളമാണിത്.

തിങ്കളാഴ്ച പോരാട്ടങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ തങ്ങളുടെ ഇരുപത് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹമാസും ഇസ്ലാമിക് ജിഹാദ് മിലിട്ടന്റ് ഗ്രൂപ്പും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ എണ്ണം ഇതിലും ഉയർന്നതാണെന്ന് ഇസ്രയേൽ പറയുന്നു. ഗാസയിൽ തിങ്കളാഴ്ച ആക്രമണങ്ങൾ ആരംഭിച്ചതിനു ശേഷം 41 കുട്ടികളടക്കം 148 പേർ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. അതേസമയം രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചതായി ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.