നൂറുകണക്കിനു കുടുംബങ്ങള്‍ പട്ടിണിയിലേക്ക്

Monday 17 May 2021 12:00 AM IST

കോട്ടയം: ഇന്നലെ രാവിലെ മാനം അല്‍പ്പം തെളിഞ്ഞെങ്കിലും വൈകാതെ മഴ കനത്തു. മീനച്ചിലാറ്റില്‍ നാഗമ്പടം ഭാഗത്ത് രണ്ടു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് മൂന്നു സെൻ്റീമീറ്റര്‍ ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പതിറ്റാണ്ടുകള്‍ക്കിടെ മെയ് മാസത്തില്‍ ഇത്തരമൊരു വെള്ളപ്പൊക്കം ഇതാദ്യമാണ്. കൊവിഡിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം തകിടം മറിച്ചു. ലോക്ഡൗണില്‍ പ്രതിസന്ധിയിലായ നൂറുകണക്കിനു കുടുംബങ്ങള്‍ മഴയെത്തുടര്‍ന്ന് പട്ടിണിയിലേക്കു നീങ്ങുകയാണ്. വ്യാപക കൃഷിനാശവും മഴയെത്തുടര്‍ന്നുണ്ടായി.

കോട്ടയം നഗരത്തിൽ ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെള്ളം കയറി. താഴത്തങ്ങാടി റോഡിന്റെ നിരപ്പിൽ വരെ വെള്ളമെത്തി. ഇന്നലെ പകൽ മഴ ശക്തമായിരുന്നതിനാൽ രാത്രി ഇവിടെയും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. ആർപ്പൂക്കരയിലും അയ്‌മനത്തും ഇടറോഡുകളിൽ വെള്ളം കയറി. കുമരകം, അയ്‌മനം, ആർപ്പൂക്കര പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

വേനൽ മഴയിൽ വ‌ർദ്ധന

ജില്ലയില്‍ വേനല്‍ മഴയില്‍ 168 ശതമാനത്തിന്റെ വര്‍ദ്ധന. മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ 2.78 സെന്റി മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചതെങ്കില്‍ പെയ്‌തത് 7.48 സെൻ്റീ മീറ്റര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ സമീപ കാലങ്ങളിലെ ഏറ്റവും മഴ സമ്പന്നമായ വേനല്‍ക്കാലമാകും ഇത്
ഇടവ മാസം ആരംഭിച്ചതോടെ ഇനി മഴ കുറയാനുള്ള സാദ്ധ്യത കുറവാണ്. ഈ മാസം 31 നു തന്നെ കാലവര്‍ഷവും എത്തുമെന്നും മുന്നോടിയായി മറ്റൊരു ന്യൂന മര്‍ദത്തിനു കൂടി സാദ്ധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

 200 ഏക്കറിലേറെ നെല്‍കൃഷി മഴയില്‍ നശിച്ചു

 കൊയ്തു കൂട്ടിയ 100 ലോഡോളം നെല്ല് നനഞ്ഞു

 കപ്പയും പച്ചക്കറി കൃഷിയം വെള്ളത്തില്‍ മുങ്ങി.

 ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

Advertisement
Advertisement