പയ്യന്നൂരിൽ മഴക്കെടുതി തുടരുന്നു

Monday 17 May 2021 12:16 AM IST
അപകടകരമാം വിധം ജലവിതാനം ഉയർന്ന കാനായി മീൻ കുഴി അണക്കെട്ട് , നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

പയ്യന്നൂർ: ശക്തമായ കാറ്റിലും മഴയിലും പയ്യന്നൂരും പരിസരങ്ങളിലും ഇന്നലെയും കനത്ത നാശം. ശക്തമായ കാറ്റിൽ മരം വീണ് മുതിയലത്തെ വടക്കേപുരയിൽ ജാനകിയുടെ വീട് തകർന്നു. കൂർക്കരയിലെ കെ.പി.വിനോദിന്റെ വീടിന്റെ കോൺക്രീറ്റ് ബെൽറ്റ് തകർന്നു.

കവിഞ്ഞൊഴുകുന്ന കാനായി മീൻകുഴി ഡാമിന്റെ ഷട്ടറുകൾ മുഴുവനായി തുറക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നു.14 ഷട്ടറുകളിൽ നാലെണ്ണം പൂർണ്ണമായും തുറന്നിട്ടുണ്ട്. ശക്തമായ ഒഴുക്കുള്ളത് കാരണം ബാക്കിയുള്ളവ പകുതി വരെ ഉയർത്താനേ കഴിഞ്ഞുള്ളൂ. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ചെയർപേഴ്സൺ കെ.വി.ലളിത ആവശ്യപ്പെട്ടു.നഗരസഭ ചെയർപേഴ്സൺ , പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, നഗരസഭ സെക്രട്ടറി കെ.ആർ. അജി , ബിൽഡിംഗ് ഇൻസ്പെക്ടർ ശിവദാസൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ശക്തമായ കാറ്റിൽ കാങ്കോൽ ജുമാഅത്ത് പള്ളിക്ക് സമീപത്തെ മാടമ്പില്ലത്ത് സൈനബയുടെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ആളപായമില്ല. ഏകദേശം ഒരുലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കരിവെള്ളൂരിൽ ഓണക്കുന്ന് മുച്ചിലോട്ടിനു സമീപം പടിഞ്ഞാറെ വീട്ടിൽ ലക്ഷ്മിയുടെ തെങ്ങ് കടപുഴകിവീണ് കിണറിന്റെ ആൾമറ തകർന്നു. വീടിന്റെ പിറകുവശത്തെ രണ്ട് മെറ്റൽഷീറ്റുകളും തകർന്നു. ശക്തമായ കാറ്റിലും മഴയിലും വെങ്ങരയിലെ സഹോദരങ്ങളായ നെല്ലി വളപ്പിൽ സുരേഷ്, സ്വപ്ന എന്നിവരുടെ വീട് ഭാഗികമായി തകർന്നു. അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തൊട്ടടുത്ത ക്വാർട്ടേഴ്‌സിലേക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഇവരെ മാറ്റിപ്പാർപ്പിച്ചു . കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ എം.ആർ മണിയന്റെ വീട്ടുമുറ്റത്തെ കിണർ ഭാഗികമായി തകർന്നു. കരിവെള്ളൂർ പാലത്തറ ചേട്ടിക്കുണ്ടിൽ കിഴക്കുമ്പടാൻ ചന്ദ്രമതിയുടെ കിണർ ഇടിഞ്ഞു വീണു. ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ ശക്തമായ മഴയിൽ ഏഴിലോട് നെയ്മാസിൽ പി. റിസ്വാനയുടെ വീടിന് സമീപത്തെ മതിൽ തകർന്നുവീണു.

Advertisement
Advertisement