വ്യാപാര മേഖലയിൽ 'കൂനിൻമേൽ കുരു'

Sunday 16 May 2021 8:02 PM IST

ആലപ്പുഴ: സൗജന്യ കിറ്റ് ഹിറ്റായതോടെ കച്ചവടം പേരിലൊതുങ്ങിയ പലചരക്ക് കടകളുൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങൾ, കൂനിൻമേൽ കുരുവെന്നോണം പ്രളയ ഭീതിയിലേക്ക്. രണ്ട് പ്രളയങ്ങൾ വരുത്തിവെച്ച നഷ്ടത്തിൽ നിന്ന് ഇനിയും കരകയറാതിരിക്കെയാണ്, വെള്ളപ്പൊക്കം

ദുരിതകാലത്ത് കൈത്താങ്ങായി സൗജന്യ കിറ്റുകൾ ആവശ്യത്തിന് എത്തിയതിനാൽ പ്രതീക്ഷിച്ച തിരിച്ചുവരവ് പല വ്യാപാര സ്ഥാപനങ്ങൾക്കും സാധിച്ചില്ല. ഇതിനിടെയാണ് വീണ്ടുമൊരു പ്രളയ മുന്നറിയിപ്പ് വരുന്നത്. ലോക്ക്ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും പല കടകളിലും കച്ചവടം മോശമാണ്. ആരെങ്കിലും വന്നാലോ എന്ന പ്രതീക്ഷയിലാണ് കട തുറക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഭക്ഷ്യ സാമഗ്രികൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് നിലവിൽ തുറക്കാൻ അനുമതിയുള്ളത്. വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ വസ്ത്രവ്യാപാര ശാലകളടക്കം വെള്ളത്തിൽ മുങ്ങുമോ എന്നാണ് ആശങ്ക.താഴ്ന്ന പ്രദേശങ്ങളിൽ പല കടകളുടെയും ഷട്ടറിനടുത്ത് വരെ വെള്ളം എത്തിക്കഴിഞ്ഞു. അകത്ത് കയറിയാൽ ലക്ഷക്കണക്കിന് രൂപയു‌ടെ വസ്ത്രങ്ങൾ നനഞ്ഞും പൂപ്പൽ ബാധിച്ചും വില്പന യോഗ്യമല്ലാതാവും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉത്സവസീസണുകളും വിവാഹങ്ങളും സ്കൂൾ തുറപ്പ് സീസണും നഷ്ടമായവരാണ് വ്യാപാരികൾ. 2018ലെയും 2019ലെയും പ്രളയകാലത്താണ് ഏറ്റവുമധികം സഹായങ്ങൾ കുടുംബങ്ങളെ തേടിയെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിൽ മടങ്ങി എത്തിയവർക്ക് കിലോ കണക്കിന് അരിയും സാധനങ്ങളും സർക്കാരിന് പുറമേ വിവിധ സന്നദ്ധ സംഘടനകൾ വഴിയും ലഭിച്ചിരുന്നു. അക്കാലം മുതൽ നഷ്ടമായ കച്ചവടം ഇനിയും തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

............................

വ്യാപാരികൾ പറയുന്നു

1. കടകൾക്കുള്ളിൽ വെള്ളം കയറുമെന്ന് ആശങ്ക

2.വസ്ത്ര വ്യാപാര മേഖലയിൽ കച്ചവടമില്ല

3. സ്റ്റോക്ക് സംരക്ഷിക്കാൻ ഇളവുകൾ വേണം

4. കൊവിഡ് തൊഴിൽ നഷ്ടം മൂലം വ്യാപാരത്തിൽ ഇടിവ്

5. ദുരിതാശ്വാസക്കിറ്റുകൾ വ്യാപാരികൾക്ക് തിരിച്ചടി

......................

നാളുകളായി പേരിന് മാത്രമാണ് കടയിലേക്കുള്ള സ്റ്റോക്ക് എടുക്കുന്നത്. രണ്ട് പ്രളയങ്ങളും അതിന് പിന്നാലെ കൊവിഡും വന്നതോടെ വ്യാപാരം മടുപ്പിലായി. ആളുകളുടെ കൈയിൽ പണമില്ല. വിശപ്പകറ്റാൻ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടുമൊരു പ്രളയം വന്ന് ഉള്ള സ്റ്റോക്ക് കൂടി നശിപ്പിച്ചാൽ പിടിച്ചുനിൽക്കാനാവില്ല

നാസർ, പലചരക്ക് വ്യാപാരി

Advertisement
Advertisement