തുടരുന്നു, ദുരവസ്ഥ

Monday 17 May 2021 2:58 AM IST

ആലപ്പുഴ: ടൗക് തേ ചുഴലിക്കാറ്റ് സംസ്ഥാനത്തു നിന്നൊഴിഞ്ഞെങ്കിലും വിട്ടുമാറാൻ മടിച്ചു നിൽക്കുന്ന മഴയും അടങ്ങാൻ കൂട്ടാക്കാത്ത കടലും ഇരമ്പിയെത്തുന്ന കാറ്റും ജില്ലയിൽ ദുരിതം വാരിവിതറുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിലായി. പ്രദേശത്തെ പ്രളയജലം കടലിലേക്ക് ഒടുക്കുന്നതിന് തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം തുറന്നെങ്കിലും നീരോഴുക്ക് ശക്തമല്ല.

കഴിഞ്ഞ പ്രളയകാലത്തും പൊഴിമുഖത്തെ നീരോഴുക്ക് ശക്തിപ്രാപിക്കാതിരുന്നതിനാൽ മേഖല മുങ്ങിയിരുന്നു. കനത്ത മഴയും കടൽക്ഷോഭവും തുടരവേ, ഇതേ അനുഭവം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ജനം. ആഞ്ഞടിക്കുന്ന കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി വിതരണം അടിക്കടി പ്രതിസന്ധിയിലാവുകയാണ്. പല പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചു. ഇന്നലെ വിവിധ താലൂക്കുകളിലായി 25 വീടുകൾ പൂർണ്ണമായും 350ൽ അധികം വീടുകൾ ഭാഗികമായും തകർന്നു.കഴിഞ്ഞ ദിവസം ജില്ലയിൽ 19 വീട് പൂർണമായി 423 വീടുകൾക്ക് ഭാഗികമായും തകർന്നിരുന്നു. 2500ൽ അധികം വീടുകൾ പ്രളയജലത്തിലും കടൽവെള്ളത്തിലും മുങ്ങിയതിനാൽ ജീവിതം ദുരിതപൂർണ്ണം.

കൈനകരി വലിയതുരത്ത് ബണ്ട് തകർന്ന് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ അകപ്പെട്ട 50 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 122 കുടുംബങ്ങളിലെ 359 പേരെ പ്രവേശിപ്പിച്ചു. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കായി കൂടുതൽ സൗകര്യങ്ങളുള്ള രണ്ട് ഡി ടൈപ്പ് ക്യാമ്പുകളുണ്ട്, മാവേലിക്കരയിലും ചേർത്തല കോടംതുരുത്തിലും. 14 പേരാണ് ഡി ടൈപ്പ് ക്യാമ്പിലുള്ളത്.

# തിരയുടെ താണ്ഡവം

ഇന്നലെയും അതിരൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെട്ടത്. ചെല്ലാനം മുതൽ വലീയഴീക്കൽ വരെയുള്ള തീരത്ത് കടൽ നിലവിലുള്ള സംരക്ഷണഭിത്തിക്കു മുകളിലൂടെ ഇരച്ചുകയറി നൂറ് കണക്കിന് വീടുകൾ വെള്ളത്തിലായി. കടലാക്രമണം രൂക്ഷമായി തുടരുന്ന ചേർത്തല ഒറ്റമശ്ശേരിയിൽ ഏതുസാഹചര്യത്തെയും നേരിടാൻ ദുരന്തനിവാരണ സേന സജ്ജമായി രംഗത്തുണ്ട്. നിയുക്ത എം.എൽ.എ പി.പ്രസാദിന്റെ നിർദ്ദേശത്തെതുടർന്ന് ചേർത്തല തഹസീൽദാർ താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫീസർമാരുടെയും യോഗം ഓൺലൈനായി വിളിച്ച് താലൂക്കിലെ സ്ഥിതി വിലയിരുത്തി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരത്തും ഒറ്റമശ്ശേരി, അന്ധകാരനഴി, ഓമനപ്പുഴ എന്നിവടങ്ങളിലുമാണ് കടൽ ഇരച്ചുകയറി നാശം വിതച്ചത്. ആറാട്ടുപ്പുഴ-തൃക്കുന്നപ്പുഴ തീരദേശ റോഡിലേക്കും തിരമാലകൾ ഇരച്ചുകയറി മണ്ണ് കുമിഞ്ഞുകൂടിയ നിലയിലാണ്. ചിലയിടങ്ങളിൽ റോഡ് മുറിഞ്ഞഞ്ഞിട്ടുണ്ട്. പൊതുമരാമത്തു വകുപ്പും ഐ.ആർ.ഇയും ചേർന്ന് റോഡിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നുണ്ട്. ഒറ്റമശ്ശേരിയിൽ കടലാക്രമണം തടയാൻ അടിയന്തരമായി കല്ല് ഇറക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയെങ്കിലും കല്ല് കിട്ടാനുള്ള ബുദ്ധിമുട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ കടലാക്രമണവും പ്രളയ ജലവും ഒരുപോലെ ദുരിതം വിതയ്ക്കുന്നു. അരൂർ, തുറവൂർ, ചേർത്തല തെക്ക്, മാരാരിക്കുളം, ആലപ്പുഴ നഗരസഭ, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളുടെ തീരത്തും കിഴക്കൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

# കണ്ണീരുനിറഞ്ഞ് കൃഷിയിടങ്ങൾ

മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലാണ്. പ്രദേശത്തെ നെൽകൃഷിയും പച്ചക്കറിയുൾപ്പെടെയുള്ള കരകൃഷിയും വ്യാപകമായി നശിച്ചു. എടത്വ, വീയപുരം, പള്ളിപ്പാട് പഞ്ചായത്തു പ്രദേശങ്ങളിൽ കുലപ്രായമായ ആയിരക്കണക്കിന് ഏത്ത, ഞാലി, റോബസ്റ്റ വാഴകൾ ചുഴലിക്കാറ്റിൽ നിലംപൊത്തി. കൈനകരി പഞ്ചായത്ത് വലിയ തുരത്ത് പാടത്ത് തുടർച്ചയായി മഴവീഴ്ച ഉണ്ടായതിനെ തുടർന്ന് പുറംബണ്ട് ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനിടെയാണ് ബണ്ട് തകർന്നത്. നിലവിലെ കൽകെട്ടിനകത്ത് മണലോ ചെളിയോ നിറയ്ക്കണമെന്ന ആവശ്യം അധികൃതർ നിരാകരിച്ചതാണ് ബണ്ട് തകരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാർത്തികപ്പള്ളി താലൂക്കിലെ ചെറുതന, കരുവാറ്റ, പള്ളിപ്പാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെയും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക്, തകഴി പഞ്ചായത്തുകളിലെയും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ചില പഞ്ചായത്തുകളിൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ആരംഭിച്ചു. അരൂർ, തുറവൂർ പ്രദേശങ്ങളിലെ പ്രളയജലം കടിലേക്ക് ഒഴുക്കി വിടുന്നതിന് അന്ധകാരനഴി പൊഴി മുറിക്കൽ ജോലികൾ ഇന്നലെ വൈകിട്ട് ആരംഭിച്ചു.

Advertisement
Advertisement