കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം ശ്‌മശാനത്തിലെത്തിച്ചത് മാലിന്യ വണ്ടിയിൽ; സംഭവം ആശുപത്രിയിൽ ആവശ്യത്തിന് വാഹനങ്ങളുണ്ടായിരിക്കെ
പാറ്റ്ന: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം സംസ്‌കരിക്കാൻ കൊണ്ടുപോയത് മാലിന്യം കയറ്റുന്ന വണ്ടിയിൽ. ബിഹാറിലെ നളന്ദയിലാണ് സംഭവം. നളന്ദ സ്വദേശിയായ മനോജ് കുമാർ മേയ് 13നാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് തിങ്കളാഴ്‌ച ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് ശ്‌മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻ സ് ലഭിച്ചില്ല. അതോടെ മാലിന്യ വണ്ടിയിലാണ് ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത്.
സംഭവത്തിന്റെ വീഡിയോ ആരോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം അന്വേഷിക്കുമെന്നും ആശുപത്രിക്ക് സ്വന്തമായി 200ലധികം വാഹനങ്ങളുണ്ടായിട്ടും മാലിന്യവണ്ടിയിൽ ശവശരീരം കയറ്റിയത് എന്തിനെന്ന് അന്വേഷിക്കുമെന്നും ആശുപത്രിയിലെ സിവിൽ സർജൻ ഡോ.സുനിൽ കുമാർ അറിയിച്ചു.
മൃതദേഹം ഏറ്റെടുക്കാൻ മനോജിന്റെ ബന്ധുക്കൾ ആരും വരാത്തതിനാലാണ് മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ കയറ്റിയതെന്ന് സ്ഥലത്തെ കൗൺസിലർ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. സാധാരണ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മാലിന്യം കയറ്റുന്ന വാഹനത്തിൽ സംസ്‌കരിക്കാൻ കൊണ്ടുപോകാറുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം വാർത്തകൾ വരുന്നത് വർദ്ധിക്കുകയാണ്. ഗംഗാ നദിയിൽ മരണമടഞ്ഞവരുടെ ശരീരം ഒഴുകി നടന്ന സംഭവം ഈയിടെയാണ് ഉണ്ടായത്. മരണമടഞ്ഞവർക്കും അർഹിക്കുന്ന ബഹുമാനം നൽകണമെന്ന് തുടർന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.