പുൽവാമയിൽ നിന്നും ഡൽഹിയിലെത്തിയ ഭീകരൻ പിടിയിൽ, ആക്രമണം നടത്താൻ ഉദ്ദേശിച്ചത് ഹിന്ദു പുരോഹിതന്റെ  വേഷം ധരിച്ച് 

Monday 17 May 2021 3:55 PM IST

ന്യൂഡൽഹി : പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിൽ പ്രവർത്തിക്കുന്ന ഭീകരൻ ഡൽഹിയിൽ പിടിയിൽ. പുൽവാമയിൽ നിന്നുമാണ് ജാൻ മുഹമ്മദ് ദാർ എന്ന ഭീകരൻ ഡൽഹിയിൽ എത്തിയത്. ഒരു വർഷത്തോളമായി പാക് ഭീകരരുമായി ബന്ധമുണ്ടായിരുന്ന ഇയാൾ ദസ്ന ദേവി ക്ഷേത്ര പുരോഹിതൻ സ്വാമി യതി നർസിംഗാനന്ദിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഡൽഹിയിൽ എത്തിയത്. ഞായറാഴ്ച പഹർഗഞ്ചിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. പിടിയിലായ ഭീകരന്റെ പക്കൽ നിന്നും പിസ്റ്റളും തിരകളും കണ്ടെടുത്തിട്ടുണ്ട്. ഇതു കൂടാതെ ഹിന്ദു പുരോഹിതന്റെ വേഷവിധാനങ്ങളും പൂജാവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

അടുത്തിടെ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ സ്വാമി യതി നർസിംഗാനന്ദ് സരസ്വതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ എത്തിയത്. അതിനായി ഒരു ഹിന്ദു പുരോഹിതനെപ്പോലെ വസ്ത്രം ധരിക്കാൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ് പറഞ്ഞു. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പുരോഹിതനെ കൊലപ്പെടുത്താൻ തന്നെ ഭീകരസംഘം ചുമതലപ്പെടുത്തിയെന്നും അതിനായി പണം നൽകിയെന്നും സമ്മതിച്ചിട്ടുണ്ട്.

കാർപെന്ററായി ജോലി ചെയ്യുന്ന ജാൻ മുഹമ്മദ് ദാർ കഴിഞ്ഞ ഡിസംബറിലാണ് ജയ്ഷ് ഇ മുഹമ്മദ് ഓപ്പറേറ്ററായ ആബീദുമായി ബന്ധപ്പെടുന്നത്. പാക് അധിനിവേശ കാശ്മീരിൽ ഉണ്ടായിരുന്ന ഇയാൾ സ്വാമി യതി നർസിംഗാനന്ദ് സരസ്വതി നടത്തിയിട്ടുള്ള വിവാദ പ്രസംഗങ്ങളുടെ വീഡിയോ കാണിക്കുകയും കൊലപ്പെടുത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാൾ യുവാവിന് എങ്ങനെ പിസ്റ്റൾ ഉപയോഗിക്കണം എന്നതിനെ കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിൽ 35,000 രൂപ നൽകിയാണ് ജാൻ മുഹമ്മദ് ദാറിനെ ഡൽഹിയിലേക്ക് യാത്രയാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം 23നാണ് ഇയാൾ യാത്ര ആരംഭിച്ചത്. ഡൽഹിയിലും ഇയാൾക്ക് ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. ആയുധം ഇവിടെ എത്തിയ ശേഷം ലഭിച്ചു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ദാസ്ന ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ സ്വാമി യതി നർസിംഗാനന്ദ് അടുത്തിടെ 14 വയസുള്ള മുസ്ലീം ആൺകുട്ടി ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിലൂടെയാണ് സമൂഹ ശ്രദ്ധ നേടുന്നത്. പിന്നീടാണ് പ്രവാചകനെതിരെയും ഇയാൾ വിവാദ പരാമർശം നടത്തിയത്. ഈ പരാമർശങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.