ചരിത്രം പുതിയ അദ്ധ്യായങ്ങൾ ചമയ്‌ക്കുമ്പോൾ...

Tuesday 18 May 2021 12:00 AM IST

ചരിത്രത്തിൽ പുതിയ അദ്ധ്യായങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ്, പതിനഞ്ചാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചിരിക്കുന്നത്.

1977ൽ അടിയന്തരാവസ്ഥ കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടന്നപ്പോൾ കേരളത്തിൽ തുടർഭരണം ഉണ്ടായിട്ടുണ്ട്. പക്ഷേ അന്ന് ഭരണമുന്നണിയെ നയിച്ചത് അതുവരെ മുഖ്യമന്ത്രിയായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. അച്യുതമേനോൻ ആയിരുന്നില്ല. പി.കെ. വാസുദേവൻ നായർക്ക് അദ്ദേഹം നായകത്വം കൈമാറിയിരുന്നു. അദ്ദേഹവും കോൺഗ്രസ് മുന്നണിയിലെ കെ. കരുണാകരനും ചേർന്ന് നയിച്ചു. കരുണാകരൻ നയിച്ചെന്ന് പറയുന്നതാവും കൂടുതൽ ശരി. അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി. കൃത്യം ഒരു മാസം പിന്നിടുമ്പോൾ, അടിയന്തരാവസ്ഥക്കാലത്ത് കോളിളക്കമുണ്ടാക്കിയ ഒരു തിരോധാനക്കേസിൽ ഹൈക്കോടതിയുടെ വിമർശനമേറ്റുവാങ്ങി അദ്ദേഹം രാജിവച്ചു.

അതിന് മുമ്പ് കേരളത്തിൽ തുടർഭരണമുണ്ടായിട്ടില്ല. പിമ്പുമുണ്ടായില്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഇരുപത്തിയൊന്നാമത്തെ ആണ്ടിലെത്തുന്നത് വരെ ! എന്നാൽ ഇരുപത്തിയൊന്നാമാണ്ടിൽ അത് സംഭവിച്ചു.

1980 കൾ തൊട്ട് കേരളം പരീക്ഷിച്ചു വരുന്ന മുന്നണി സമ്പ്രദായങ്ങളുണ്ട്. ആ സമ്പ്രദായങ്ങളിൽ നിന്നുകൊണ്ടുള്ള ആദ്യത്തെ തുടർഭരണമെന്ന നിലയ്ക്കാണ് പിണറായി വിജയൻ നയിച്ച ഇടതുമുന്നണിയുടെ തുടർഭരണം ശ്രദ്ധേയമാകുന്നത്.

മുഖ്യമന്ത്രിയായി പ്രവർത്തിച്ച്, മുഖ്യമന്ത്രിയായിത്തന്നെ നിന്നുകൊണ്ട് പിണറായി വിജയൻ നയിച്ച മുന്നണിക്കാണ് തുടർഭരണം. ആ നിലയ്ക്ക് അത് കേരളചരിത്രത്തിലെ ആദ്യസംഭവമാകുന്നു.

എന്നാൽ, കൗതുകകരമായ ഒട്ടനവധി കാര്യങ്ങൾ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചിട്ടുണ്ട്. പല വിജയങ്ങളും പല പരാജയങ്ങളും കൗതുകമുണർത്തിയിട്ടുണ്ട്. അച്ഛനോടും മകനോടും പരാജയപ്പെട്ട ഒരു സ്ഥാനാർത്ഥിയുണ്ടായി. ചവറയിൽ മത്സരിച്ച് തോറ്റ ആർ.എസ്.പിയിലെ ഷിബു ബേബിജോൺ! 2016ൽ എൻ. വിജയൻ പിള്ള എന്ന അച്ഛനോടും ഇപ്പോൾ ആ അച്ഛന്റെ ഡോ. സുജിത് വിജയൻ പിള്ള എന്ന മകനോടും. 2016ൽ ജമീല പ്രകാശത്തെ കോവളത്ത് പരാജയപ്പെടുത്തിയ എം. വിൻസന്റ് എന്ന കോൺഗ്രസുകാരൻ 2021ൽ അവരുടെ ഭർത്താവും പഴയ 'ജയന്റ് കില്ലറു'മായ ഡോ. നീലലോഹിതദാസിനെയും പരാജയപ്പെടുത്തി. അതായത്, ഭാര്യയെയും ഭർത്താവിനെയും തോല്പിച്ച സ്ഥാനാർത്ഥി.

ജ്യേഷ്ഠനും അനുജത്തിയും ഒരുമിച്ച് തോറ്റിട്ടുണ്ട് ഈ തിരഞ്ഞെടുപ്പിൽ. സാക്ഷാൽ കെ. കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജയും! 45 വയസിൽ താഴെയുള്ള ഇരുപത് പേർ ഇടതുമുന്നണിയിൽ ജയിച്ചുവരുമ്പോൾ ഒരു കൗതുകമായി നമുക്ക് തോന്നിപ്പോവുക, അപ്പുറത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിൽ ആകെ ജയിച്ചവരുടെ എണ്ണം 21 ആണ് എന്നതാണ്! പത്ത് വനിതകളെ ഇടതുമുന്നണി വിജയിപ്പിച്ചു. യു.ഡി.എഫിൽ വിജയിച്ച ഒരേയൊരു വനിത കെ.കെ.രമയാണ്.

ആ വിജയത്തിനുമുണ്ടൊരു പ്രാധാന്യം. ഉത്തര മലബാറിലെ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിനിരയായ വ്യക്തിയുടെ വിധവയാണവർ. സി.പി.എമ്മിന്റെ കണ്ണിലെ കരട്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഒരു പതിറ്റാണ്ട് പിന്നിടാറാകുമ്പോൾ കണ്ണീരുറഞ്ഞ് കരുത്തു കൂടിയ വിധവ കെ.കെ.രമ നിയമസഭയിലെത്തുന്നു ! അടുത്ത വർഷം ആ കൊലപാതകത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഒരു ദശകം പൂർത്തിയാക്കുന്നു.

പ്രതിപക്ഷനേതാവിന്റെ പതനം

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും സവിശേഷതയാർന്ന ഘടകമെന്നത്, പ്രതിപക്ഷനേതാവിന്റെ കാര്യമാണ്.

പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുകയും അദ്ദേഹം വിജയിച്ചെത്തുകയും ചെയ്തിട്ടും, അദ്ദേഹത്താൽ നയിക്കപ്പെട്ട മുന്നണി പരാജയം രുചിച്ചു എന്നത് ചരിത്രത്തിൽ രചിക്കപ്പെടുന്ന മറ്റൊരു നൂതനാദ്ധ്യായമാണ്.

ഇത് 1977 ൽ സംഭവിച്ചിട്ടുണ്ട് . അന്ന് പ്രതിപക്ഷത്തെ നയിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാട് വിജയിക്കുകയും മുന്നണി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് തൊട്ടു പിന്നാലെയുണ്ടായ തിരഞ്ഞെടുപ്പ്. വികസനനേട്ടങ്ങൾ ഭരണമുന്നണിക്ക് അന്ന് യർത്തിപ്പിടിക്കാനായിട്ടുണ്ട്. ഭരണകൂട ഭീകരതയെക്കുറിച്ചുള്ള കോലാഹലങ്ങൾ ഉയർന്നെങ്കിലും പ്രതിപക്ഷത്തിന് പരിമിതികളുണ്ടായി.

1996ൽ കേരളത്തിൽ പ്രതിപക്ഷമുന്നണിയെ തിരഞ്ഞെടുപ്പിൽ നയിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹം ആ തിരഞ്ഞെടുപ്പിൽ പരാജയമറിഞ്ഞപ്പോൾ പാർട്ടിയും മുന്നണിയും ജയിച്ചുകയറി. 2021ൽ പക്ഷേ ചിത്രം പാടേ മാറി. പ്രതിപക്ഷത്തെ നയിച്ച രമേശ് ചെന്നിത്തല ഹരിപ്പാട്ട് നിന്ന് വിജയിച്ചിട്ടും മുന്നണിയെ വിജയം കൈവിട്ടുകളഞ്ഞു.

1977ലും ഉണ്ടായിട്ടുണ്ടല്ലോ എന്ന് രമേശ് ചെന്നിത്തലയ്ക്ക് ആശ്വസിക്കാനാകുമായിരിക്കും. പക്ഷേ, കോൺഗ്രസിൽ ഇത് ആദ്യത്തെ സംഭവമാണ് എന്നത് അദ്ദേഹത്തിനുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. കേരളത്തിൽ കോൺഗ്രസിനെ നയിച്ച ഇതുവരെയുള്ള എല്ലാ പ്രതിപക്ഷനേതാക്കന്മാരും തൊട്ടടുത്ത തവണ മുഖ്യമന്ത്രിമാരായെത്തിയിട്ടുണ്ട്. അതിനപവാദം എന്ന നിലയ്ക്കാകും ചെന്നിത്തല ചരിത്രത്താളുകളിൽ ഓർമ്മിക്കപ്പെടുക എന്നത് അദ്ദേഹത്തിന് അത്രമേൽ ശുഭകരമായിരിക്കില്ല.

പാളിയതെവിടെ ?​

അധികാരമേറിയ നാൾ തൊട്ട് ,​ അതിവിദഗ്ദ്ധമായ സോഷ്യൽ എൻജിനിയറിംഗിലൂടെ തുടർഭരണം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് പിണറായി വിജയനിലെ ഭരണതന്ത്രജ്ഞൻ നടത്തിപ്പോന്നതെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ കുശാഗ്രബുദ്ധി രമേശ് ചെന്നിത്തലയ്ക്കില്ലാതെ പോയി. താഴെത്തട്ടിൽ സംഘടനയുണ്ടോ എന്നതിനെപ്പറ്റി അദ്ദേഹം ഈ അഞ്ച് വർഷത്തിനിടയ്ക്ക് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നറിയില്ല. അദ്ദേഹം പ്രതിപക്ഷനേതാവെന്ന നിലയിൽ സർക്കാരിന്റെ പ്രവൃത്തികളെ ജാഗ്രതയോടെ പിന്തുടർന്ന് പോന്നിട്ടുണ്ട്. വിമർശിക്കേണ്ടിടത്ത് വിമർശിച്ചിട്ടുമുണ്ട്. പക്ഷേ അഞ്ച് കൊല്ലം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ആലസ്യത്താൽ തകർന്നടിഞ്ഞ പരുവത്തിലായിരുന്നു കോൺഗ്രസിന്റെ സംഘടനാസംവിധാനം. പ്രതിപക്ഷനേതാവായി ഇരുന്നാൽ മതി, അഞ്ചുവർഷം കഴിയുമ്പോൾ ഭരണമിങ്ങ് പോന്നോളും എന്ന് ചിന്തിച്ചിടത്താണ് രമേശ് ചെന്നിത്തലയുടെ പിഴവ്. ആ പിഴവിന് ആക്കം കൂട്ടിയത് ശരിക്കു പറഞ്ഞാൽ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. അത്തവണത്തെ തിരഞ്ഞെടുപ്പിൽ കേരളമാകെ കോൺഗ്രസിന് പിന്നിൽ അണിനിരന്നു.

നരേന്ദ്രമോദിയുടെ ഒന്നും രണ്ടും സർക്കാരുകളുടെ പ്രവൃത്തികൾ പലതും കേരളത്തിലിരുന്ന് ചിന്തിക്കുമ്പോൾ അരോചകമായി തോന്നുക സ്വാഭാവികമാണ്. സാംസ്കാരികമായും സാമൂഹ്യമായും ഉയർന്ന് ചിന്തിക്കാൻ ശേഷിയുള്ള സമൂഹത്തിന് ദഹിക്കാൻ പ്രയാസമുള്ളത് തന്നെയാണ് വർഗീയതയും കോർപ്പറേറ്റ് പ്രീണനവും മാത്രം മുഖമുദ്ര‌യാക്കിയും കപടദേശീയതയെ ഉയർത്തിക്കാട്ടിയുമൊക്കെയുള്ള രാജാപാർട്ട് നാടകങ്ങൾ. 2019ൽ കേരളം ചിന്തിച്ചത് പോലെ പക്ഷേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചിന്തിച്ചില്ല. അതിനവരെ കുറ്റം പറയാനാവില്ല. പക്ഷേ, കേരളീയ പൊതുബോധം ഇന്ത്യയാകെ മാറിച്ചിന്തിക്കുമെന്ന് പ്രതീക്ഷിച്ചു. കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യമെന്ന് കേരളീയർ കണ്ടു. ഭാവി പ്രധാനമന്ത്രിയായി അവർ സങ്കല്പിച്ച രാഹുൽഗാന്ധിയുടെ കേരളത്തിലെ സാന്നിദ്ധ്യം അവരുടെ ആവേശമിരട്ടിപ്പിച്ചു. അങ്ങനെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗമുണ്ടായത്.

ആ തരംഗത്തിൽ മതിമറന്ന് മൂഢസ്വർഗത്തിലാണ്ട് പോയ നേതാക്കൾ തൊട്ടുപിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിന്നെങ്കിലും പാഠങ്ങൾ പഠിക്കേണ്ടതായിരുന്നു. പ്രളയകാലവും മഹാമാരിയുമെല്ലാം നമ്മെ തേടിയെത്തി. ദുരന്തകാലത്തെ അവസരമാക്കിയെടുക്കുന്ന സോഷ്യൽ എൻജിനിയറിംഗ് വൈദഗ്ദ്ധ്യം പിണറായി വിജയൻ പ്രകടമാക്കിയപ്പോൾ, ക്രിയാത്മകമായി ഇടപെടുന്നതിന് പകരം പ്രതിപക്ഷനേതാവിന്റെ ദൗത്യം മറ്റെന്തോ ആണെന്ന് ചിന്തിച്ച് പ്രവർത്തിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വവും രമേശുമെന്ന് പറയുന്നതാവും ശരി.

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലത്തിലും വലിയ പാഠങ്ങളുണ്ടെന്ന് കണ്ടെത്താനാവാത്ത വണ്ണം സ്വപ്നലോകത്തും ആലസ്യത്തിലുമാണ്ട് പോയ നേതൃത്വത്തിനാണ് വലിയവില നൽകേണ്ടി വന്നതെന്ന് കോൺഗ്രസുകാരിപ്പോൾ പറയുന്നു. പ്രതിപക്ഷനേതാവ് പയറ്റേണ്ടത് മാറിയ കാലത്തെ മാറിയ ശൈലിയാണ്. അതിന് രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുമോ? സാധിക്കുമെന്നും സാധിക്കില്ലെന്നും പറയുന്നവർ കോൺഗ്രസുകാരിൽ തന്നെയുണ്ട്.

സത്യപ്രതിജ്ഞ എങ്ങനെ ചരിത്രമാവും?

ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ്. വൻഭൂരിപക്ഷത്തോടെ തുടർഭരണമേറിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. സത്യപ്രതിജ്ഞ ഇത്രയും നീട്ടേണ്ടിയിരുന്നോ, ഈ മഹാമാരിക്കാലത്ത് എന്ന ചോദ്യം മുറുമുറുപ്പുകളായി ഉയർന്ന് തുടങ്ങി.

കൊവിഡിന്റെ രണ്ടാംതരംഗം കേരളത്തിലുൾപ്പെടെ ആഞ്ഞുവീശുകയാണ്. അതൊന്ന് ശമിച്ച ശേഷം, തരംഗവിജയം ആഹ്ലാദപൂർവം കൊണ്ടാടിക്കൊണ്ട് സത്യപ്രതിജ്ഞയാകാമെന്ന് പിണറായി വിജയൻ ചിന്തിച്ചിട്ടുണ്ടാകാം. അതിന് കാത്തുനിന്നതാവാം അദ്ദേഹമെന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ, പ്രതീക്ഷിച്ചത് പോലെയായില്ല കാര്യങ്ങൾ. രോഗവ്യാപനത്തിന് ശമനമുണ്ടായില്ല. പോരാത്തതിന് കാലവർഷത്തിന് മുന്നേ ആർത്തലച്ച് പെരുമഴയും വന്ന് ദുരിതമിരട്ടിപ്പിച്ചു.

തലസ്ഥാന ജില്ലയിലടക്കം ട്രിപ്പിൾ ലോക്ക് ഡൗണാണ്. കൊവിഡിന്റെ ഈ സൂപ്പർസ്‌പ്രെഡിന്റെ കാലത്ത് വീട്ടിനകത്ത് പോലും കുടുംബാംഗങ്ങൾ കൂടിനിൽക്കരുതെന്ന് മുഖ്യമന്ത്രി തന്നെയാണ് ആഹ്വാനം ചെയ്തത്. എന്നിട്ടിപ്പോൾ സെൻട്രൽ സ്റ്റേഡിയത്തിൽ ലക്ഷങ്ങൾ മുടക്കി സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുക്കുന്നുവെന്ന ആക്ഷേപമുയരുമ്പോൾ, അത് തിളക്കമാർന്ന ജനവിധിയെ നോക്കി കൊഞ്ഞനം കുത്തലാവില്ലേയെന്ന് ശങ്കിക്കുന്നവരെ കുറ്റം പറയാനാവില്ല. സാമൂഹ്യ അകലം പാലിച്ചും പരമാവധി ക്ഷണിതാക്കളുടെ എണ്ണം കുറച്ചുമൊക്കെ ചടങ്ങ് ലളിതമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ ആവർത്തിച്ച് പറയുന്നുണ്ട്.

ജനം ഓക്സിജൻ കിട്ടാതെ മരിക്കുമ്പോൾ കോടികൾ പൊടിച്ച് സെൻട്രൽ വിസ്ത ഒരുക്കുന്ന കേന്ദ്രം ഭരിക്കുന്നവരുടെ യുക്തിഹീന രാഷ്ട്രീയം തിരിച്ചറിയുന്നവർ ഇടതുപക്ഷത്ത് വലിയ പ്രതീക്ഷകൾ കാണുന്നുണ്ടെന്ന സത്യമാണ് കേരള തിരഞ്ഞെടുപ്പ് ബോധിപ്പിച്ചത്. അത് തല്ലിക്കെടുത്തണോ എന്ന ചോദ്യമിപ്പോൾ ഉച്ചത്തിൽ മുഴങ്ങുന്നു.

ഗൗരി അമ്മയെ ഓർക്കാതെ വയ്യ

കെ.ആർ. ഗൗരിഅമ്മ വിട വാങ്ങിയ ആഴ്ചയാണ് കടന്നുപോകുന്നത്.

കേരളം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങൾക്കെല്ലാമുള്ള യഥാർത്ഥ ബദലായിരുന്നു ഗൗരി അമ്മ. 1996 ലും പിന്നീട് 99ലും കേരള നിയമസഭ കൈയടിച്ച് പാസാക്കിയ അന്യാധീനപ്പെട്ട ആദിവാസിഭൂമി കൈയേറ്റക്കാർക്ക് പതിച്ചുനൽകാൻ വ്യവസ്ഥ ചെയ്തൊരു ബില്ലിന്റെ ചർച്ചയിൽ ഒറ്റയ്ക്ക് എതിർത്തു നിന്നത് മാത്രം മതി ഗൗരി അമ്മയിലെ കമ്മ്യൂണിസ്റ്റ് ബദൽ രാഷ്ട്രീയം തിരിച്ചറിയാൻ.

സി.പി.ഐയുടെ റവന്യൂമന്ത്രിയായ കെ.ഇ. ഇസ്മായിൽ പൈലറ്റ് ചെയ്ത ബിൽ ചർച്ചയിൽ ഗൗരി അമ്മ പറഞ്ഞു: ഈ നിയമത്തിൽ ആദിവാസികളെ മാറ്റിത്താമസിപ്പിക്കുമെന്ന് പറയുന്നത് അവരെ കൂട്ടത്തോടെ വംശനാശം വരുത്താനാണ്... ധനാഢ്യന്മാരും രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവരും ഭൂമി ആദിവാസികളിൽ നിന്ന് തട്ടിപ്പറിച്ചു. അവരെ അവരുടെ ഭൂമിയിൽ നിന്നാട്ടിപ്പായിച്ചു...അവരെ മാറ്റി താമസിപ്പിച്ചാൽ അവർ ജീവനോടെ കാണില്ല. മത്സ്യത്തെ കരയിൽ വളർത്തുന്നതിന് തുല്യമാകുമത്...നിങ്ങൾക്ക് വോട്ടാണ് പ്രധാനം. സാമൂഹ്യനീതിയല്ല... ഇത് എതിർക്കപ്പെടേണ്ട നിയമമാണ്...

രാഷ്ട്രപതി തള്ളിയ നിയമം, 1999ൽ മറ്റൊരു രൂപത്തിൽ പാസായപ്പോഴും ഗൗരി അമ്മ ഒറ്റയ്ക്കാണെതിർത്തത്. എവിടെ കാണും വർത്തമാനകാലത്ത് ഇങ്ങനെയൊരു രാഷ്ട്രീയനേതാവ് ?

ഇടതുമുന്നണി സർക്കാരിന് ചരിത്രത്തിലാദ്യമായി കേരളത്തിലൊരു ഭരണത്തുടർച്ചയുണ്ടാകുമ്പോൾ, 1957ൽ ചരിത്രത്തിലേക്ക് നടന്നുകയറിയ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായിരുന്ന്, ചരിത്രം തിരുത്തിയെഴുതിയ നിയമനിർമ്മാണങ്ങൾ നടപ്പാക്കിയ ഗൗരി അമ്മ തുടിച്ചുനിൽക്കുന്ന ഓർമ്മയായിരിപ്പുണ്ട്!

Advertisement
Advertisement