ചെറുപ്പക്കാരുടെ വാക്സിനേഷൻ പാളി!

Tuesday 18 May 2021 12:00 AM IST

കോട്ടയം: ചെറുപ്പക്കാരിലെ മുൻഗണനാ വിഭാഗത്തിനുള്ള വാക്സിനേഷൻ ആരംഭിച്ചെങ്കിലും ജില്ലയിൽ നിന്ന് പത്ത് ശതമാനം പേർ പോലും അർഹത നേടിയില്ല. കൃത്യമായ മാനദണ്ഡം പാലിക്കാതെ ഭൂരിഭാഗം പേരും അപേക്ഷിച്ചതാണ് പ്രശ്നമായത്.

പതിനെട്ടു മുതൽ 45വരെയുള്ള പ്രായക്കാരിൽ ആർക്കൊക്കെ അപേക്ഷിക്കാമെന്നും രോഗാവസ്ഥ വെളിപ്പെടുത്തുന്ന മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നുമുള്ള മാർഗനിർദേശമുണ്ടായിരുന്നിട്ടും അപേക്ഷകർ അപ് ലോഡ് ചെയ്തത് ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും. ചിലരാകട്ടെ സ്വന്തം ചിത്രങ്ങളും പകരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം ഇല്ലാത്തതിനാൽ ഇവയെല്ലാം തള്ളിക്കളഞ്ഞു. ഇരുന്നൂറിന് മുകളിലെ രജിസ്‌ട്രേഷനുകളിൽ നിന്നാണ് ആദ്യം രണ്ടു പേരെ കണ്ടെത്താനായായത്. 18–44 വയസ് വരെയുള്ള മുൻഗണന വിഭാഗത്തിന് മാത്രമായി പ്രത്യേക ഡോസ് വാക്സിൻ എത്തിച്ചിരിക്കുന്നതിനാൽ ഇതിൽ നിന്ന് മറ്റ് വിഭാഗക്കാർക്ക് നൽകാനുവില്ല.

ഇതുപോലെ ചെയ്യണം

 18– 44 പ്രായക്കാരുടെ രജിസ്‌ട്രേഷൻ കൊവിൻ വെബ് സൈറ്റിൽ നേരത്തേ തുടങ്ങിയിരുന്നു. രജിസ്റ്റർ ചെയ്യാത്തവർ ആദ്യമായി https://www.cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം

 അതിനു ശേഷം മുൻഗണന ലഭിക്കാൻ https://covid19.kerala.gov.in/vaccine വെബ്‌സൈറ്റിൽ പ്രവേശിക്കണം.

 മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി കൊടുക്കുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും.

 ജില്ല, പേര്, ലിംഗം, ജനന വർഷം, ഏറ്റവും അടുത്ത വാക്‌സിനേഷൻ കേന്ദ്രം, കൊവിനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐ.ഡി എന്നിവ നൽകുക.

 അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. (അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.)

 തുടന്ന് സബ്മിറ്റ് ചെയ്യണം, നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിക്കും

 അർഹർക്ക് വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസിലൂടെ അറിയിക്കും.

വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയ്ന്റ്‌മെന്റ് എസ്.എം.എസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം

Advertisement
Advertisement