പകർച്ചവ്യാധികൾക്കു വാതിൽ തുറക്കരുത്

Tuesday 18 May 2021 12:00 AM IST

ചുഴലി ഭീഷണി പൂർണമായി ഒഴിയുകയും മഴ ശമിക്കുകയും ചെയ്തതോടെ പേമാരി സൃഷ്ടിച്ച എണ്ണമറ്റ കെടുതികളിൽ നിന്ന് മുക്തമാകാനുള്ള വഴി നോക്കുകയാണ് ജനങ്ങൾ. കാലവർഷത്തിനു മുൻപേ എത്തിയ തീവ്രമഴ സംസ്ഥാനത്താകെ വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. തീരമേഖല രൂക്ഷമായ കടൽക്ഷോഭത്തിൽ തകർന്നടിഞ്ഞ ഹൃദയഭേദകമായ കാഴ്ചയും കാണേണ്ടി വന്നിരിക്കുന്നു. നിരവധിപേർ ഭവനരഹിതരായി. ജീവനോപാധികൾ പാഞ്ഞടുത്ത തിരമാലകളിൽപ്പെട്ട് തകർന്നടിഞ്ഞു. കടലിൽ പോകരുതെന്ന വിലക്കുകൂടി വന്നതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കൂടുതൽ കഷ്ടത്തിലായി. കാലാവസ്ഥ പ്രതികൂലമായാൽ അഭയം തേടി റിലീഫ് ക്യാമ്പുകളിലേക്ക് ജീവിതം പറിച്ചുനടേണ്ട ദുസ്ഥിതി ഇപ്പോഴും ഉണ്ടായി. സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയിൽപ്പെട്ട നൂറുകണക്കിനു കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

മഴക്കെടുതിക്കൊപ്പം എത്താറുള്ള പകർച്ചവ്യാധികളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്നുകഴിഞ്ഞു. ഡെങ്കിപ്പനിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും അപകടകാരി. മഴ ശേഷിപ്പിച്ചുപോയ വെള്ളത്തിൽ മുട്ടയിട്ടു പെരുകുന്ന കൊതുകാണ് ഡെങ്കി പകർത്തുന്നത്. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്നാണ് അധികൃതർ ഓർമ്മിപ്പിക്കാറുള്ളത്. ഇതിനായി ഡ്രൈ ഡേ ആചരണം മുറതെറ്റാതെ നടക്കാറുണ്ട്. ആദ്യ ഡ്രൈ ഡേ ആചരണം ഈ ഞായറാഴ്ച കടന്നുപോവുകയും ചെയ്തു. പലേടത്തും തോരാമഴ തുടർന്നതിനാൽ കാര്യമായി ഒന്നും നടന്നില്ല. കൂടുതൽ വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുമുണ്ട്. മഴ മാറി മാനം വെളുത്തു തുടങ്ങിയത് ആശ്വാസകരമാണ്. മുടങ്ങിപ്പോയ ഡ്രൈ ഡേ ആചരണം ഊർജ്ജിതമായി നടത്താൻ അവസരം ലഭിക്കും. പരിസര ശുചീകരണം മുഖ്യ അജണ്ടയായി തദ്ദേശ സ്ഥാപനങ്ങൾ മാത്രം ഏറ്റെടുത്താൽ പോരാ. ഓരോ വീട്ടുകാരും അതിൽ ആത്മാർത്ഥതയോടെ പങ്കുചേരണം. മഴവെള്ളം വീടുകളിലും പരിസരങ്ങളിലും കെട്ടിനില്‌ക്കാതിരുന്നാൽ കൊതുകു ഭീഷണി തടയാം. എന്നാൽ ദീർഘമായ രണ്ടു മഴക്കാലങ്ങളെ നേരിടേണ്ടിവരുന്ന സംസ്ഥാനത്ത് പൂർണമായും അതു സാദ്ധ്യമാകണമെന്നില്ല. ശുചീകരണ പ്രവർത്തനങ്ങളിൽ പരമാവധി ശുഷ്കാന്തി കാട്ടുക മാത്രമാണ് പ്രതിവിധി. നിർഭാഗ്യവശാൽ ഒട്ടുമിക്ക പ്രദേശങ്ങളും കൊതുകുവളർത്തൽ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. പൊതുജനാരോഗ്യ പരിപാടികളിൽ കൊതുകു നിർമ്മാർജ്ജനം മുഖ്യ ഇനമായി മാറാത്തിടത്തോളം ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളിൽ നിന്ന് ജനങ്ങൾക്ക് മോചനമുണ്ടാവില്ല.

കൊവിഡ് മഹാമാരിയിൽ ജനജീവിതം പാടേ താളംതെറ്റി മറിയുന്നതിനിടയിലാണ് പേമാരിയും കടലേറ്റവും നാശംവിതച്ച് കടന്നുവന്നത്. അത്യന്തം ക്ളേശകരമായ ഈ അവസ്ഥ ജനങ്ങൾക്കെന്നപോലെ സർക്കാരിനും പരീക്ഷണകാലം തന്നെയാണ്. ഉറച്ച മനസോടും പ്രായോഗിക സമീപനത്തോടും കൂടി ഇതു നേരിടുക തന്നെ വേണം. കൊവിഡിനൊപ്പം പകർച്ചവ്യാധികൾ കൂടി പിടിപെടാതിരിക്കാനുള്ള അതിവിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇപ്പോഴേ തുടക്കം കുറിക്കണം. കാലവർഷം വൈകാനിടയില്ലെന്നും മേയ് 31-ന് എത്തുമെന്നുമാണ് അറിയിപ്പ്. ഇനിയുള്ള രണ്ടാഴ്ച പൂർണമായും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും അതു സാദ്ധ്യമാകണം. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സേവന മേഖല എത്രമാത്രം സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. മഴക്കാല രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും സംരക്ഷണം നേടാൻ സ്വയം തയ്യാറായേ പറ്റൂ എന്ന വസ്തുത വിസ്മരിക്കരുത്.

Advertisement
Advertisement