മഴയകന്നു, മാനം തെളിഞ്ഞു

Tuesday 18 May 2021 2:39 AM IST

ആലപ്പുഴ: ജില്ലയിൽ പെരുമഴയ്ക്കും കടലാക്രമണത്തിനും നേരിയ ശമനം. രാവിലെയും ഉച്ചയ്ക്കും ചിലയിടങ്ങളിൽ പെയ്ത ചെറിയ മഴയൊഴിച്ച് നിറുത്തിയാൽ പൊതുവിൽ ഇന്നലെ സ്ഥിതി ആശ്വാസകരമായിരുന്നു.

ഒറ്റമശേരി, ആറാട്ടുപുഴ, പുന്നപ്ര എന്നിവടങ്ങളിൽ കടൽ നിലവിൽ ശാന്തമാണ്. തണ്ണീർമുക്കം ബണ്ടിലെ നീരൊഴുക്ക് സുഗമമായിട്ടുണ്ട്. കുട്ടനാട്ടിൽ പലേടങ്ങളിലും വെള്ളക്കെട്ട് ഒഴിയുന്നില്ല. മഴയുടെ ശക്തികുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് അതേപടി നിലനിൽക്കുകയാണ്. മഴ മാറിനിന്നാൽ മാത്രമേ വെള്ളം ഇറങ്ങുകയുള്ളൂ. ആലപ്പുഴ നഗരത്തിൽ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം ഇതുവരെ പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. എ-സി റോഡിലെ വെള്ളം ഇറങ്ങാത്തതിനാൽ കുട്ടനാട്ടിൽ ഗതാഗത തടസം പൂർണമായും മാറിയിട്ടില്ല. കിഴക്കൻ വെള്ളത്തിന്റെ വരവ് കുറയാത്തതിനാൽ നദീതീരങ്ങളിലും പാടശേഖര പുറംബണ്ടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവർ ആശങ്കയിലാണ്. വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടവർ വില്ലേജ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ ലഭ്യമാകുന്ന അപേക്ഷകൾ രണ്ട് ദിവസത്തിനകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറണം. തുടർന്ന് നാശനഷ്ടത്തിന്റെ തോത് കണക്കാക്കി രണ്ട് ദിവസത്തിനകം റവന്യുവകുപ്പിനെ ഏൽപ്പിക്കണം. കൃഷി ഓഫീസർമാർ കൃഷിയിടങ്ങളിൽ നേരിട്ടെത്തി നഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തും. പ്രകൃതി ക്ഷോഭത്തിൽ ജില്ലയിൽ കെ.എസ്.ഇ.ബിക്ക് സംഭവിച്ച നഷ്ടം ഒന്നരക്കോടി കവിഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ലൈനിലെ 90 ശതതമാനം തകരാറുകളും പരിഹരിച്ചതായി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

Advertisement
Advertisement