മദ്ധ്യപ്രദേശ് കോൺ. എം.എൽ.എയുടെ ബംഗ്ളാവിൽ യുവതി മരിച്ച നിലയിൽ

Tuesday 18 May 2021 12:39 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ഉമാംഗ് സിംഗാറിന്റെ ഭോപ്പാൽ ഷാഹ്പുരയിലെ ബംഗ്ലാവിൽ, സുഹൃത്തും അംബാല സ്വദേശിയുമായ 38കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സിംഗാറിന്റെ ജീവിതത്തിൽ ഒരിടം കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. അതിനാൽ താൻ സ്വയം മരിക്കുകയാണെന്നും ആർക്കും ഇതിൽ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, ഇത് ഏറെ ഹൃദയഭേദകമായ സംഭവമാണെന്നാണ് എം.എൽ.എയുടെ പ്രതികരണം. 'കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ മണ്ഡലത്തിൽ ഇല്ല. അവൾ എന്റെ നല്ല സുഹൃത്തായിരുന്നു. അവൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പൊലീസാണ് പറഞ്ഞത്. ഇക്കാര്യം ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവൾക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നു.' - ഉമാംഗ് സിംഗാർ പറഞ്ഞു.

യുവതി കഴിഞ്ഞ ഒരു വർഷമായി സിംഗാറിന്റെ വീട്ടിൽ വരാറുണ്ടെന്ന് പൊലീസും അറിയിച്ചു. കഴിഞ്ഞ 30 ദിവസമായി യുവതി സിംഗാറിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. രണ്ട് ദിവസമായി സിംഗാർ ഭോപ്പാലിൽ ഉണ്ടായിരുന്നില്ല. ബംഗ്ലാവിലെ ജോലിക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും സിംഗാറിന്റെ ബന്ധുവുമാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ഞായറാഴ്ച രാവിലെ ജോലിക്കാരന്റെ ഭാര്യ യുവതിയുടെ മുറിയിലെ വാതിലിൽ തട്ടിവിളിച്ചു. പ്രതികരണമില്ലാതായതോടെ ഇവർ ഭർത്താവിനെ വിവരമറിയിച്ചു. ഇരുവരും ഇക്കാര്യം സിംഗാറിനെയും വിളിച്ചുപറഞ്ഞു. തുടർന്ന് എം.എൽ.എയുടെ ഒരു ബന്ധു ബംഗ്ലാവിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് അഡിഷണൽ എസ്.പി. രാജേഷ് സിംഗ് ബദൗരിയ പരഞ്ഞു.

മദ്ധ്യപ്രദേശിലെ ഗന്ധ്വാനി മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയായ സിംഗാർ എ.ഐ.സി.സി. ദേശീയ സെക്രട്ടറിയുമാണ്.

Advertisement
Advertisement