വധു രണ്ട്, വരൻ ഒന്ന്: കല്യാണം വൈറലായി, കൈയോടെ പൊക്കി പൊലീസ്

Tuesday 18 May 2021 12:42 AM IST

ബംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിൽ വിവാഹവേദിയിൽ ഒരേസമയം സഹോദരിമാരായ പെൺകുട്ടികളെ വിവാഹം കഴിച്ച യുവാവ് പൊലീസിന്റെ പിടിയിൽ. വധുവിലൊരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമായതോടെയാണ് നവവരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വെഗമഡഗു സ്വദേശിയായ ഉമാപതിയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. സഹോദരിമാരായ പെൺകുട്ടികളെ മേയ് ഏഴിനാണ് കോലാറിലെ കുരുഡുമലെ ക്ഷേത്രത്തിൽവച്ച് ഉമാപതി വിവാഹം ചെയ്തത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹചടങ്ങ്. യുവാവ് രണ്ട് പേരെ ഒരേസമയം വിവാഹം ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. തുടർന്ന് വധുവിലൊരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതോടെ നവവരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സഹോദരിമാരിൽ മൂത്ത പെൺകുട്ടിയുമായാണ് ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെ കൂടി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ഉമാപതിയോട് ആവശ്യപ്പെട്ടു. എല്ലാ സമയത്തും തന്നോടൊപ്പമുള്ള സഹോദരിയെ ഒറ്റപ്പെടുത്താനാവില്ലെന്നും സഹോദരിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാലേ താനും വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് ഉമാപതി ഒരേ പന്തലിൽവച്ച് രണ്ടു പേരെയും താലി ചാർത്തിയത്. പെൺകുട്ടിയുടെ നിർബന്ധപ്രകാരമാണ് താനും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഉമാപതി പൊലീസിന് നൽകിയ മൊഴി. അതേസമയം, പെൺകുട്ടികളുടെ പിതാവും സമാനരീതിയിൽ സഹോദരിമാരായ രണ്ടു പേരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. ഒരേ പന്തലിൽവച്ചാണ് ഇയാൾ രണ്ടു പേരെയും താലിചാർത്തിയത്. ഇതിലൊരാൾ സംസാരശേഷിയില്ലാത്ത സ്ത്രീയാണെന്നും പൊലീസ് വ്യക്തമാക്കി.

Advertisement
Advertisement