കൊവിഡ്:ജയിലുകളിൽ സ്ഥിതി നിയന്ത്രണ വിധേയം

Tuesday 18 May 2021 1:44 AM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുമ്പോഴും ജില്ലയിലെ ജയിലുകളിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാനായ ആശ്വാസത്തിലാണ് ജയിൽവകുപ്പ്. ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. കൊവിഡ് ഒന്നാം ഘട്ടത്തിൽ സെൻട്രൽ ജയിലിൽ 600ഓളം തടവുകാർക്ക് രോഗം വ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ നൂറിനകത്താണ് ആക്ടീവ് രോഗികളുടെ എണ്ണം. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും മുൻകരുതലുകളും ഇപ്പോഴുള്ള നിയന്ത്രണങ്ങളും പാളിയാൽ എണ്ണം കൂടിയേക്കാമെന്ന ആശങ്കയുമുണ്ട്. മരണം ഉണ്ടാകുന്ന സാഹചര്യം തടയുന്നതിന് പരോൾ അടക്കമുള്ള നടപടി ജയിൽവകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി നിയമിച്ച ഹൈപവർ കമ്മിറ്റി ഇളവുകൾ നൽകിയത്. നിലവിൽ ഇളവുകൾ ലഭിച്ച് പുറത്തിറങ്ങിയവർ ആരോഗ്യവകുപ്പിന്റെ മാനദണ്ഡം പാലിച്ച് വീട്ടിൽ തന്നെ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒന്നാംഘട്ടിത്തിലേതുപോലുള്ള ഗുരുതര സാഹചര്യം തടയുന്നതിന് പരോളും ഇടക്കാല ജാമ്യവും അടക്കമുള്ള ഇളവുകൾ അനുനദിച്ചത് ഗുണകരമായെന്ന വിലയിരുത്തലിലാണ് ജയിൽവകുപ്പ്. പൂജപ്പുര സെൻട്രൽ ജയിലിലും അട്ടക്കുളങ്ങര വനിത ജയിലിലും 45 വയസിന് മുകളിലുള്ള തടവുകാർക്ക് ആദ്യ ഡോസ് വാ‌ക്സിൻ നൽകിയിട്ടുണ്ട്. നെയ്യാറ്റിൻകര സ്‌പെ‌ഷ്യൽ സബ് ജയിലിൽ വാക്സിൻ ലഭ്യമാകാനുണ്ട്. അതേസമയം കൊവിഡ് വാ‌ക്സിൻ സ്വീകരിച്ച ഉദ്യോഗസ്ഥരിൽ രോഗം ബാധിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. ജയിലുകളിൽ കൊവിഷീൾഡ് വാ‌ക്സിനാണ് കൂടുതലും നൽകിവരുന്നത്. സെൻട്രൽ ജയിലിൽ മൂന്നാഴ്ചയ്‌ക്കിടെ രണ്ടുവട്ടമാണ് ആന്റിജെൻ പരിശോധന നടത്തിയത്.ഇവിടെ പോസിറ്റീവാകുന്നവരെ പ്രത്യേക സെല്ലുകളിൽ പാർപ്പിച്ച് നിരീക്ഷിച്ച് വരികെയാണ് പതിവ്.സമാന രീതി തന്നെയാണ് മറ്റ് ജയിലുകളിലും.

പൂജപ്പുര സെൻട്രൽ ജയിൽ

കൊവിഡ് രോഗികൾ-80

ഇളവുകൾ നേടി പുറത്തിറങ്ങിയവർ-200

അവശേഷിക്കുന്ന തടവുകാർ-850

നെയ്യാറ്റിൻകര സ്‌പെ‌ഷ്യൽ സബ് ജയിൽ

തടവുകാർ-260

കൊവിഡ് രോഗികൾ-10

അട്ടക്കുളങ്ങര വനിത ജയിൽ

തടവുകാർ-38

കൊവിഡ് രോഗികൾ-13

Advertisement
Advertisement