ഹോൺബിൽ എന്ന ഷോർട്ട് ഫിലിം ഉയർത്തുന്ന ഭാവി സൂചനകൾ 

Tuesday 18 May 2021 12:12 PM IST

ഒരു നടൻ എന്ന നിലയിൽ അറിയുന്നതിന് മുൻപ് തന്നെ ഒരുഫോട്ടോഗ്രാഫർ എന്ന നിലയിലാണ് ഞാൻ ജിതേഷ് ദാമോദറിനെ പരിചയപ്പെടുന്നത്. കാനായി കുഞ്ഞിരാമനെ ഒരുപാട് വർഷങ്ങളായി പിന്തുടരുന്ന കലാകാരനുംഫോട്ടോഗ്രാഫറും ആണ് ജിതേഷ്. ജിതേഷ് ഒരു നടനായി പകർന്നാടുന്നത് കൗതുകത്തോടെ കണ്ടു. ഇപ്പോൾ മുപ്പത് മിനിട്ടു ദൈർഘ്യമുള്ള 'ഹോൺബിൽ' എന്നൊരുഷോർട് ഫിലിമിൽ ജിതേഷ് നായകവേഷം ചെയ്തിരിക്കുന്നു.

നായകവേഷം എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല; ഇത് ജിതേഷും കാടും മാത്രമുള്ള ഒരു സിനിമയാണ്. കലാഭവൻ മണിയുടെ ഒരു ഒറ്റയാൻ സിനിമ ദി ഗാർഡ് എന്നപേരിൽ രണ്ടായിരത്തി പതിനൊന്നിൽ വന്നിരുന്നു. ജിതേഷ് ഈ സിനിമയിൽ ഒരു എത്‌നോബോട്ടണിസ്റ്റ് ആയ ഡോക്ടർ നന്ദകുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാഹചര്യങ്ങളാൽ വനത്തിനുള്ളിൽ അകപ്പെടുന്ന അയാൾക്ക് കണ്ണുകളും നഷ്ടപ്പെടുന്നു. അതിജീവനത്തിന്റെയും പുതുജീവനത്തിന്റെയും കഥയാണിത്.

സൈദ്ധാന്തികമായ എതിർവാദങ്ങളൊക്കെ ഈ രീതിയിലുള്ള ഒരു വന സ്‌നേഹത്തിനെക്കുറിച്ചു ഉന്നയിക്കാമെങ്കിലും മനുഷ്യൻ ഒരു തിരികെപ്പോക്കിനെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ടെന്ന സാഹചര്യമാണ് ആഗോളതലത്തിൽ ഉണ്ടായി വരുന്നത്. അത്‌കേവലം ഒരു പരിസ്ഥിതി വാദം എന്ന നിലയിലായിരിക്കില്ല മറിച്ച് ഉരുത്തിരിയുന്ന സാമ്പത്തിക യാഥാർഥ്യങ്ങൾക്കുള്ളിൽ ഉപയോഗശൂന്യനായിപ്പോകുന്ന മനുഷ്യന് പിന്നെ അതിജീവനം സാധ്യമാകുന്നത് ഒരു പക്ഷെ തിരികെപോക്കുകളിലൂടെ ആയിരിക്കും.

​​​​​​ഈ അടുത്തിടെ ഫ്രാൻസിൽ നാല്പതു ദിവസം ഗുഹയിൽ താമസിച്ചു കൊണ്ടുള്ള ഒരു പരീക്ഷണം നടന്നിരുന്നു. ഹ്യൂമൻ അഡാ്ര്രപബിലിറ്റി ആയിരുന്നു അവർ പരീക്ഷിച്ചത്; ആധുനികസൗകര്യങ്ങളൊന്നും ഇല്ലാത്ത ജീവിതം സാദ്ധ്യമോ? കാരണം അത്തരമൊരു സാഹചര്യം സബറേനിയൻ രീതിയിൽ ഉരുത്തിരിഞ്ഞു വരുന്നുണ്ട്. അത് വെളിപ്പെടാൻ നൂറ്റാണ്ടുകൾ വേണമെന്നില്ല, ചില വർഷങ്ങൾ മാത്രം മതിയാകും.

ഇൻഫോ ടെക്‌നോളജിയിൽ നിന്നും ബയോ ടെക്‌നോളജിയിൽ നിന്നും ഉള്ള വളർച്ചയിൽ ഉൾപ്പെടാൻ കഴിയാതെപോകുന്ന അവക്ഷിപ്ത ജനതയുടെ അതിജീവനം എന്ത്? കമ്പ്യൂട്ടർ പഠിച്ചില്ലെങ്കിലും നെല്ല് വിതയ്ക്കാനും കൊയ്യാനും അറിയുമോ, അതില്ലെങ്കിൽ ഫോർജേഴ്സ് ആയി പെറുക്കിത്തീനികളായി തിരികെപോകാൻ ആകുമോ?ഹോൺബിൽ ഇവയെയൊന്നും സമഗ്രമായി അഡ്രെസ്സ് ചെയ്യുന്നില്ല എങ്കിലും അതിലേക്കുള്ള ചില സൂചനകൾ നൽകുന്നുണ്ട്. ജിതേഷ് ദാമോദർ ഗംഭീരമായി അഭിനയിച്ചിരിക്കുന്നു. അരമണിക്കൂർ ഇതിനായി ചെലവിടാവുന്നതാണ്.

( ലേഖകൻ പ്രശസ്ത ക്യൂറേറ്ററാണ് )​

Advertisement
Advertisement