ഞാൻ മാത്രമല്ലല്ലോ കഴിഞ്ഞ തവണയുള്ള മന്ത്രിമാരാരും തുടരുന്നില്ലല്ലോ, ഒഴിവാക്കിയതിന്റെ പേരിൽ ആരും വൈകാരികമായി പ്രതികരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ

Tuesday 18 May 2021 4:15 PM IST

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ആരോഗ്യമന്ത്രിയായി ലോക രാജ്യങ്ങളുടെ കൈയടി നേടിയ കെ കെ ശൈലജ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ശൈലജയെ ഒഴിവാക്കിയ പാർട്ടി നേതൃത്വത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം കടുത്ത അതൃപ്തിയാണ് ഉയരുന്നത്. അതേസമയം പാർട്ടിയോട് ചേർന്ന് നിൽക്കുന്ന പ്രതികരണവുമായി കെ കെ ശൈലജ രംഗത്തെത്തുകയും ചെയ്തു.

ഞാൻ മാത്രമല്ലല്ലോ കഴിഞ്ഞ തവണയുള്ള മന്ത്രിമാരാരും തുടരുന്നില്ലല്ലോ എന്നാണ് കെ കെ ശൈലജ ഈ വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതിന് ആരും വൈകാരികമായി പ്രതികരിക്കേണ്ട കാര്യമില്ലെന്നും, തനിക്ക് മന്ത്രി സ്ഥാനം നൽകി പ്രവർത്തിക്കാൻ അവസരം നൽകിയത് പാർട്ടിയാണെന്നും, അതിനാൽ പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കൊവിഡിനെതിരെയുള്ള പ്രവർത്തനം തന്റെ മാത്രമല്ലെന്നും സർക്കാരിന്റെ കൂട്ടായ പ്രവർത്തനമാണെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥൻമാരടക്കം മികച്ച ടീമിന്റെ പ്രവർത്തനമായിരുന്നു അത്. ഇനി വരുന്ന മന്ത്രിയ്ക്കും തനിക്ക് ലഭിച്ച പിന്തുണ നൽകണമെന്നും അവർ അഭ്യർത്ഥിച്ചു.

അതേസമയം ശൈലജയെ മാറ്റിയതിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങളാണെന്ന് മുൻപേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, മികച്ച പ്രവർത്തന മികവിൽ ശൈലജയ്ക്ക് ഇളവ് ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ ഇപ്പോൾ പുറത്തുവന്ന തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഇടത് അനുഭാവികൾ ഉൾപ്പടെ നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലടക്കം പാർട്ടി തീരുമാനത്തിനെതിരെ പ്രതികരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂർ മണ്ഡലത്തിൽ നിന്നും കെ കെ ശൈലജ വിജയിച്ചത്.

Advertisement
Advertisement