മുൻകേന്ദ്രമന്ത്രി ചമൻലാൽ ഗുപ്ത അന്തരിച്ചു

Wednesday 19 May 2021 12:49 AM IST

ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചമൻലാൽ ഗുപ്ത അന്തരിച്ചു. 87 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊവിഡ് മുക്തനായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ആരോഗ്യസ്ഥിതി മോശമായി ഇന്നലെ പുലർച്ചെ 5.10 ഓടെ മരണം സംഭവിച്ചു.

വാജ്‌പേയി സർക്കാരിൽ വ്യോമയാനം, ഭക്ഷ്യസംസ്‌കരണം, പ്രതിരോധം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു. 1996, 1998, 1999 വർഷങ്ങളിൽ ജമ്മുവിലെ ഉദ്ധംപൂരിൽ നിന്ന് ലോക്‌സഭയിലെത്തി. 1972ലും 2008ലും ജമ്മുകാശ്‌മീർ നിയമസഭാംഗമായി. രണ്ടു തവണ ജമ്മുകാശ്‌മീർ ബി.ജെ.പി അദ്ധ്യക്ഷനായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അവസാനകാലത്ത് സജീവ രാഷ്ട്രീയപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖർ അനുശോചിച്ചു.