ഐ.എം.എ മുൻ പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു

Wednesday 19 May 2021 12:57 AM IST

ന്യൂഡൽഹി: പത്മശ്രീ ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുൻ ദേശീയ പ്രസിഡന്റുമായ ഡോ.കെ.കെ. അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു. 62 വയസായിരുന്നു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. കൊവിഡ് വാക്‌സിൻ രണ്ടുഡോസും സ്വീകരിച്ചിരുന്നു.

പ്രമുഖ കാർഡിയോളജിസ്റ്റായ അദ്ദേഹം ഹാർട്ട് കെയർ ഫൗണ്ടേഷന്റെ തലവനാണ്. 2010ലാണ് ആതുരസേവന മേഖലയിലെ സംഭാവനകൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2005ൽ ഡോ.ബി.സി. റോയ് അവാർഡും ലഭിച്ചിരുന്നു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സംശയനിവാരണവും മറ്റുമായി സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.