കെ.കെ. ശൈ​ല​ജ​യെ​ ​വാ​ഴ്‌ത്തിയും പാർട്ടിയെ​ ​പ്ര​ഹ​രി​ച്ചും

Wednesday 19 May 2021 12:07 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയും സി.പി.എമ്മിനെ അനുകൂലിച്ചിരുന്ന താരങ്ങളും കലാ പ്രവർത്തകരും ഉൾപ്പെടെ രംഗത്ത് എത്തി.

സങ്കടകരം എന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്.

ഈ തിരഞ്ഞെടുപ്പ് വിജയം ജനങ്ങൾ ശൈലജ ടീച്ചർക്ക് നൽകിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിമ കല്ലിംഗൽ പ്രതികരിച്ചത്.

പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു...' ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്സ്ബുക്കിൽ കുറിച്ചു.കെ.കെ. ശൈലജയും ഗൗരിഅമ്മയും ചേർന്ന് നിൽക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.

നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസും ശൈലജ ഗൗരിഅമ്മയെ സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്.

കെ.കെ ശൈലജയുടെ ചിത്രം പങ്കുവച്ചാണ് വിനീത് ശ്രീനിവാസൻ, ഗീതു മോഹൻദാസ്, മധുപാൽ എന്നിവർ അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചത്.

സമർത്ഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാർവതി തിരുവോത്ത് പ്രതികരിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കൂട്ടിച്ചേർത്തു. ശൈലജ ടീച്ചർ ഇല്ലെങ്കിൽ.. അത് നെറികേടാണെന്ന് മാലാ പാർവതി പ്രതികരിച്ചു.

നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തപ്പെട്ട് ചരിത്രമാകാൻ സാധ്യതയുള്ള വ്യക്തിയായിരുന്നു. പാർട്ടി അത് മുന്നേ കണ്ട് പ്രവർത്തിക്കാത്തത് പാർട്ടിക്കുള്ളിലെ 'ആണധികാര'ത്തിന്റെ കൊഴുപ്പു കൊണ്ട് മാത്രമായിരിക്കും. ഇതാണ് മറ്റൊരു പ്രതികരണം.