സർക്കാർ പ്രതിനിധികൾ ദന്തഗോപുരങ്ങളിൽ, രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി

Wednesday 19 May 2021 12:20 AM IST

ന്യൂഡൽഹി: കൊവിഡ് ദുരിതത്തിലാക്കാത്ത ഒരു കുടുംബം പോലും രാജ്യത്തില്ലെന്നും എന്നാൽ സർക്കാർ പ്രതിനിധികൾ അവസ്ഥ മനസിലാക്കാതെ ദന്തഗോപുരങ്ങളിൽ വിശ്രമിക്കുകയാണെന്നും ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വാക്സിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ മൻമോഹൻ,​ നവീൻ ചൗള എന്നിവരുൾപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാരിനെ മുൾമുനയിൽ നിറുത്തിയത്. ഏത് ഉദ്യോഗസ്ഥനാണ് കൊവിഡ് പ്രതിരോധ നടപടികൾ നിയന്ത്രിക്കുന്നതെന്ന് കോടതി ചോദിച്ചു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അദ്ദേഹം അറിയുന്നുണ്ടോ?​ രാജ്യത്ത് ഇത്രയേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്സിൻ ക്ഷാമം അതിരൂക്ഷമാണ്. കാര്യങ്ങളുടെ ഗൗരവം ഇപ്പോഴും ഉദ്യോഗസ്ഥർക്ക് മനസിലായിട്ടില്ല. വാക്സിൻ ഇറക്കുമതി ചെയ്തടക്കം കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാനുള്ള അവസരം ഉണ്ടായിട്ടും അത് ഉപയോഗിക്കുന്നില്ല. സ്പുട്നിക് വി വാക്സിൻ രാജ്യത്ത് നിർമ്മിക്കാനുള്ള അവസരം സ്വാഗതം ചെയ്യണം. അത് വഴി കൂടുതൽ വാക്സിൻ ഉത്പാദിപ്പിച്ച് രാജ്യത്തെ കെടുതിയിൽ നിന്ന് രക്ഷിക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ മരണങ്ങൾ തുടർകഥയാകുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.