ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് പിൻവലിച്ച് കുവൈറ്റ്

Wednesday 19 May 2021 12:00 AM IST

കുവൈറ്റ് സിറ്റി: ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കുവൈറ്റ് സർക്കാർ പിൻവലിച്ചു. ഇന്ത്യയെ കൂടാതെ വിലക്ക് നേരിട്ടിരുന്ന പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. വിലക്ക് പിൻവലിക്കുന്ന വിവരം കുവൈറ്റ് വ്യോമഗതാഗത വിഭാഗം മേധാവി നായീഫ് അൽ ബേദറാണ് അറിയിച്ചത്.

മെയ് ആദ്യവാരത്തിലാണ് കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന വിമാനങ്ങൾക്ക് കൂടി വിലക്കേർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി ഉത്തരവിട്ടത്. നിലവിൽ മൂന്നാമതൊരു രാജ്യം വഴിമാത്രമേ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നത്. പുതിയ തീരുമാനം പ്രവാസികൾക്ക് ആശ്വാസമാകും.

അതേസമയം, ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. നിലവിൽ മറ്റ് രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാർ കുവൈറ്റിലെത്തുന്നത്. യാത്രാ വിമാനങ്ങൾക്ക് വിലക്കുണ്ടെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കാർഗോ വിമാനങ്ങൾക്ക് അനുമതിയുണ്ട്.

വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ വേണ്ട :സൗദി

കൊവിഡ്നെഗറ്റീവ്സർട്ടിഫിക്കറ്റ്മതിയാകും


റിയാദ്:വിദേശത്ത് നിന്നെത്തുന്നവർക്ക് കൂടുതൽ ഇളവുകൾ നൽകി സൗദി.വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തെത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് സൗദി നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിച്ചു. സൗദിയിൽ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചവർക്കാണ് ഇളവുകൾ. മേയ് 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.എന്നാൽ എട്ടു വയസിനു മുകളിലുള്ളവർ കൊവിഡ് നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് എടുത്ത സാമ്പിൾ പ്രകാരമായിരിക്കണം സർട്ടിഫിക്കറ്റ്.

Advertisement
Advertisement