മണ്ണിന്റെ ചേലുള്ള മന്ത്രി

Wednesday 19 May 2021 12:00 AM IST
നിയുക്തമന്ത്രി കെ. രാധാകൃഷ്ണൻ കാർഷിക പ്രവൃത്തിക്കിടെ.

തൃശൂർ: പട്ടിണി കിടന്നും ചോര നീരാക്കിയും മണ്ണിൽ പണിയെടുത്ത് മക്കളെ പോറ്റിയ കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകന് മണ്ണാണ് ജീവൻ, കൃഷിയിലാണ് മനസ്. സ്ഥാനാർത്ഥിയായ ശേഷമുള്ള ആദ്യദിവസവും സുഹൃത്തുക്കൾക്കൊപ്പം കൃഷിയിടത്തിലായിരുന്നു കെ. രാധാകൃഷ്ണൻ. 39,400 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷം നേടിയപ്പോഴും മണ്ണിലേക്ക് ഓടിയെത്തി. തിരുവനന്തപുരത്തായാലും ഡൽഹിയിലായാലും കൃഷിയിടവും കർഷകന്റെ ആകുലതകളും നിറയുന്ന ആ മനസിന് വീണ്ടും മന്ത്രിപദം.
തോന്നൂർക്കരയിലെ വീടിനടുത്ത് രാധാകൃഷ്ണനും സുഹൃത്തുക്കളും ചേർന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇഞ്ചിയും മഞ്ഞളും കപ്പയുമെല്ലാം കൃഷിചെയ്യുന്നത്. ചേലക്കരയിലെ മണ്ണാണ് ബാല്യ,​ കൗമാര,​ യൗവന കാലങ്ങളിൽ വെള്ളവും വളവുമായത്. കല്ല് ചുമന്നും കന്നുപൂട്ടിയും മണ്ണിൽ പൊന്നു വിളയിക്കുമ്പോൾ രാധാകൃഷ്ണന്റെ കൈയിൽ ചെങ്കൊടിയുണ്ടായിരുന്നു. ഒരു ചെറുകൂരയിൽ കിടന്ന്, മുണ്ടുമുറുക്കിയുടുത്ത്, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. മന്ത്രിക്കുപ്പായമിട്ട് കൊടിവച്ച കാറിൽ പോകുമ്പോഴും മണ്ണിലിറങ്ങി നടന്നു.
പട്ടിണി മാറ്റാനും പഠനച്ചെലവിനും പാടത്തും തോട്ടങ്ങളിലും പണിയെടുത്ത് കഷ്ടപ്പാടുകളോട് പൊരുതി നേടിയ മനക്കരുത്തിലാണ് വളർന്നത്.

1982ൽ സി.പി.എം അംഗമായി. 1986ൽ ചേലക്കര ലോക്കൽ കമ്മിറ്റി അംഗം, 1991ൽ ചേലക്കര ഏരിയ കമ്മിറ്റി അംഗം, 2002ൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗം, 2008ൽ സംസ്ഥാന കമ്മിറ്റി അംഗം, 2018ൽ കേന്ദ്രകമ്മിറ്റി അംഗം. അങ്ങനെ പാർട്ടിയിലും കരുത്തനായി. മന്ത്രിയും സ്പീക്കറുമായി. വീണ്ടും മന്ത്രിയാകുമ്പോഴും സൗമ്യതയാണ് മുഖമുദ്ര.

 അധഃസ്ഥിതന്റെ വഴിവെട്ടം

22 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യാ ദളിത് ശോഷൺ മഞ്ച് പ്രസിഡന്റ് പദവയിലിരുന്ന്, ദളിത്, പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. പട്ടികജാതി ക്ഷേമ മന്ത്രിയായപ്പോൾ, വയനാട്, അട്ടപ്പാടി തുടങ്ങിയ ആദിവാസി മേഖലകളിലായി രാധാകൃഷ്ണന്റെ കണ്ണും മനസും.

ചേലക്കരയിൽ പട്ടികജാതി പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയ പദ്ധതികൾ മാതൃകയായി. സമ്പൂർണ പാർപ്പിട,​ വൈദ്യുത പദ്ധതികൾ സംസ്ഥാന തലത്തിൽ നടപ്പാക്കി. കുഗ്രാമമായിരുന്ന ചേലക്കര, ആധുനിക നഗരത്തിന്റെ പെരുമയിലെത്തിയത് രാധാകൃഷ്ണന്റെ ദീർഘവീക്ഷണത്താലാണ്. പാലങ്ങൾ, റോഡുകൾ,​ കോളേജുകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എല്ലാം ചേലക്കരയിൽ ഉയർന്നത് രാധാകൃഷ്ണന്റെ ഇച്ഛാശക്തിയിലാണ്. അഖിലേന്ത്യാ ബന്ദിന്റെ ഭാഗമായ സമരത്തിൽ പൊലീസ് ഓടിച്ചപ്പോൾ കാലിൽ മുറിവേറ്റതിന്റെയും വിദ്യാർത്ഥി സമരങ്ങളിൽ പൊലീസ് ലാത്തിച്ചാർജിൽ കഴുത്തിനും എല്ലിനും പരിക്കേറ്റതിന്റെയും ബാക്കിപത്രങ്ങളും രാധാകൃഷ്ണന്റെ ശരീരത്തിലുണ്ട്. അതൊന്നും വേദനകളല്ല. മണ്ണിനോട് പടവെട്ടി പുലർന്ന ജീവിതത്തിന് തളർച്ചകളില്ല....

Advertisement
Advertisement