ജാഗ്രത പാലിക്കണം, ചിമ്മിനി ഡാം ഇന്ന് തുറക്കും

Wednesday 19 May 2021 12:07 AM IST
ചിമ്മിനി ഡാം

തൃശൂർ: ചിമ്മിനി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. ഇന്ന് രാവിലെ 11ന് ശേഷമാകും ഡാമിൽ നിന്നും അധിക ജലം പുറത്തേക്ക് വിടുക. ഡാമിൽ അനുവദനീയ സംഭരണ ജലവിതാനമായ 60.31 മീറ്ററിന് അടുത്തെത്തിയതിനെ തുടർന്നാണ് നടപടി.

തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതിന്റെ ഫലമായി നീരൊഴുക്ക് തുടരുന്നതിനാൽ മുൻകരുതലായാണ് ജലം ചെറിയ തോതിൽ തുറന്നുവിടുന്നത്. ഡാം തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കളക്ടർ എസ്. ഷാനവാസ് അനുമതി നൽകിയിരുന്നു.

ചിമ്മിനി അണക്കെട്ടിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കി വിടുന്നത് മൂലം കുറുമാലിപ്പുഴയിലെയും കരുവന്നൂർ പുഴയിലെയും ജലനിരപ്പ് ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലുമുള്ള ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ജനങ്ങൾ പുഴയിൽ ഇറങ്ങുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement