മന്ത്രിസഭയിലെ എല്ലാവരും മികവ് പുലർത്തിയവർ,​ ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ല,​ കെ.കെ.ശൈലജയെ ഒഴിവാക്കിയതിൽ മറുപടിയുമായി മുഖ്യമന്ത്രി

Wednesday 19 May 2021 7:06 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭയിൽ നിന്ന് കെ.കെ.ശൈലജയെ ഒഴിവാക്കിയതിൽ മറുപടിയുമായി മുഖ്യമന്ത്രി. കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരും മികവ് പുലർത്തിയവരാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഒരാള്‍ക്ക് മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.. പുതിയ ആളുകൾ നേതൃനിരയിലേക്ക് വരട്ടെ എന്നതാണ് പാർട്ടിനയം നയം. പൊതുവായി തീരുമാനിച്ച കാര്യമാണ്..ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ല. വിമർശനങ്ങളെ നല്ല രീതിയിൽ കാണുന്നു. മത്സരരംഗത്ത് നിന്നും കഴിവുള്ള പലരും മാറി നിന്നു. ശൈലജയെ ഒഴിവാക്കിയതിന് പിന്നിൽ ഒരു ദുരുദ്ദേശമില്ല. ശൈലജയെ ഒഴിവാക്കിയത് കൊവിഡ് പ്രതിരോധത്തെ ഒരിക്കലും ബാധിക്കില്ല,​ ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിലെടുത്ത തീരുമാനം ഇളവ് വേണ്ടെന്നാണ്. അങ്ങനെ ഇളവ് കൊടുത്താല്‍ ഒട്ടേറെപ്പേര്‍ക്ക് കൊടുക്കേണ്ടിവരും. ലോകം ശ്രദ്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നുപോലും ഒഴിവാക്കി. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക എന്നാണ് സിപിഎം നിലപാട് സ്വീകരിച്ചത്. അത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതായിരുനനു കൂടുതല്‍ റിസ്‌ക്. പക്ഷേ പൊതുജനങ്ങള്‍ ആ നിലപാട് സ്വീകരിച്ചു. ഇതിലൊന്നും ദുരുദ്ദേശമല്ല. ഇക്കാര്യത്തിലും അത് തന്നെയാണ് നടന്നത്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.