രാജ്ഭവന് മുന്നിൽ ആടിനെ മേച്ച് പ്രതിഷേധം, വീണ്ടും മമതയ്ക്കെതിരെ ഗവർണർ

Thursday 20 May 2021 12:00 AM IST

ന്യൂഡൽഹി: തൃണമൂൽ മന്ത്രിമാരെ കൈക്കൂലിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം അലയടിക്കുന്ന പശ്ചിമബംഗാളിൽ ചൊവ്വാഴ്ച രാജ്ഭവന് മുന്നിൽ കൊൽക്കത്താ നാഗരിക മഞ്ച് എന്ന സംഘടന ആടുകളുമായെത്തി സമരം ചെയ്ത സംഭവത്തിൽ സംസ്ഥാന പൊലീസിനെ വിമർശിച്ച് ഗവർണർ ജഗ്‌ദീപ് ധൻകർ. അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും സംഘടന അറിയിച്ചു.

രാജ്ഭവൻ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വടക്ക് ഗേറ്റിന് മുന്നിൽ ആളുകൾ കൂട്ടം കൂടിയതും ആടുകളുമായി വന്നതും ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവർണർ പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ കൊൽക്കത്ത പൊലീസ് കാഴ്ചക്കാരായി നിന്നു. ആടുകളുമായി ആളുകൾ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസു ചെയ്തപ്പോഴും പൊലീസ് ഇടപെട്ടില്ല. നിരോധനാജ്ഞ നിലനില്ക്കുന്ന സ്ഥലത്താണ് ഇതെല്ലാം അരങ്ങേറിയത്. പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയെയും ടാഗ് ചെയ്‌തുള്ള ട്വീറ്റിലൂടെയാണ് അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഭയമെന്ന് സി.ബി.ഐ

നാരദാ കൈക്കൂലി കേസിൽ അറസ്റ്റിലായ തൃണമൂൽ നേതാക്കളും മന്ത്രിമാരുമായ ഫിർഹദ് ഹക്കീം, സുബ്രതാ മുഖർജി, എം.എൽ.എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സൊവാൻ ചാറ്റർജി എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ഭയമാണെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.

അറസ്റ്റിന് ശേഷം മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ പ്രവർത്തകരും സി.ബി.ഐ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതും അക്രമാസക്തരായ ആൾക്കൂട്ടം കേന്ദ്രസേനാംഗങ്ങളെ ആക്രമിച്ചതും ചൂണ്ടിക്കാട്ടിയ സി.ബി.ഐ, ഭീകരാന്തരീക്ഷമുണ്ടാക്കി അന്വേഷണ ഏജൻസിയെ സ്വതന്ത്രമായും ഭയരഹിതമായും കൃത്യനിർവഹണം ചെയ്യുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചതായി ആരോപിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോകുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കാനിടയുള്ളതിനാൽ അതിനു മുതിരുന്നില്ലെന്നും സി.ബി.ഐ വാദിച്ചു.

കേസിൽ മമതാ ബാനർജി, നിയമമന്ത്രി മൊളോയ് ഘതക്, തൃണമൂൽ നേതാവ് കല്യാൺ ബാനർജി എന്നിവരെ കക്ഷി ചേർത്തിട്ടുണ്ട്.

Advertisement
Advertisement