പിണറായിയുടെ രണ്ടാം വരവ്

Thursday 20 May 2021 12:00 AM IST

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. രണ്ടാംവരവ് ഒരു ഒന്നൊന്നര വരവാണെന്ന് പറയേണ്ടിവരും. കാരണം കഴിഞ്ഞ തവണ പിണറായി മുഖ്യമന്ത്രി ആയപ്പോൾ വി.എസ്. അച്യുതാനന്ദൻ കൂടി തിരഞ്ഞെടുപ്പിൽ മത്സരിച്ചതു കൊണ്ടാണ് ജനങ്ങൾ സി.പി.എമ്മിന് ഭൂരിപക്ഷം നൽകിയത് എന്ന ഒരു വ്യാഖ്യാനം ചർച്ചചെയ്യപ്പെട്ടിരുന്നു. പിണറായി എന്ന നേതാവിനോട് ജനങ്ങൾക്ക് അത്ര മതിപ്പില്ല എന്നതാണ് ആ വ്യാഖ്യാനത്തിന്റെ മറുവശം. ഇത്തവണ അതൊന്നും പറയാനില്ല. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ,​ കാറ്റിലും കോളിലും ചാഞ്ചാടാത്ത, അടിപതറാത്ത ദൃഢമായ നേതൃത്വത്തെയാണ് ജനങ്ങൾ പൂർണമനസോടെ അംഗീകരിച്ചത്. പൊതുജനാഭിപ്രായം തിരിയുന്നതും മറിയുന്നതും അനുസരിച്ച് നിലപാട് മാറ്റാത്ത ഭരണാധികാരിയെയാണ് ആപത്‌ ഘട്ടത്തിൽ ജനം ആഗ്രഹിക്കുന്നത്. പിണറായി വിജയന് ആ ആഗ്രഹത്തിന്റെ പ്രതീകമായി മാറാൻ കഴിഞ്ഞു. അതിന് മുമ്പ് എന്തൊക്കെയായിരുന്നു വർത്തമാനങ്ങൾ. ഇ.ഡി, കസ്റ്റംസ്, സ്വർണം, കോൺസുലേറ്റ് ... അവസാനം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.

കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കാൻ കെല്‌പുള്ള ഭരണാധികാരിയെയാണ് നമുക്ക് രണ്ടാമതും ലഭിച്ചിരിക്കുന്നത്. രണ്ട് തവണ പ്രളയവും കൊവിഡുമൊക്കെ വന്നെങ്കിലും വളർച്ചയ്ക്ക് വേണ്ട അടിസ്ഥാന കാര്യങ്ങളൊക്കെ ഒരുക്കാൻ കഴിഞ്ഞ സർക്കാരിനായി. മാറിമാറി വരുന്ന എല്ലാ മന്ത്രിസഭകളെയും വിവാദങ്ങൾക്ക് പിറകെ വലിച്ചുകൊണ്ടുപോയി കേരളത്തിന്റെ വികസനവും ജനക്ഷേമവും അട്ടിമറിക്കാൻ ആരുടെയൊക്കെയോ കൈയിൽനിന്ന് അച്ചാരം വാങ്ങിയ ചിലർ ഇവിടെ ജീവിക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മുമ്പേ ആ വിവാദ ജീവികൾ ചീവീടുകളെപ്പോലെ ചിലയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം വിവാദങ്ങളൊന്നും കേരളത്തിലെ ശരാശരി മനുഷ്യന്റെ ജീവിതനിലവാരം ഒരിഞ്ചുപോലും ഉയർത്താൻ സഹായിക്കുന്നവയല്ല.

നാഷണൽ ഹൈവേ ഒന്നാന്തരമായി പൂർത്തിയാക്കിയാൽ തന്നെ കേരളത്തിന്റെ വികസനത്തിന്റെ തലവര മാറും. ലൈറ്റ് മെട്രോ, സെമി ഹൈസ്‌പീഡ് ട്രെയിൻ തുടങ്ങി ഗതാഗതരംഗത്ത് വരുന്ന മാറ്റം കേരളത്തെ അടിമുടി മാറ്റിമറിക്കും. രണ്ടാംവരവിൽ പിണറായിയും പുതുമുഖങ്ങളും പഴയ മുഖങ്ങളും ഉൾപ്പെടുന്ന പുതിയ ടീമിന് അതിന് കഴിയുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ല. കേരളീയരുടെ അന്നത്തിന് അന്യസംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ച് കഴിയേണ്ടിവരുന്ന അവസ്ഥ മാറണം. ഇവിടെയുള്ളവർ വിഷമടിക്കാത്ത ആഹാരം കഴിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ അതാവശ്യമാണ്. ആരോഗ്യരംഗത്ത് എന്തെല്ലാം മാറ്റങ്ങൾ വേണമെന്ന് നമ്മെ പഠിപ്പിക്കുക കൂടി ചെയ്തിരിക്കുകയാണ് മഹാമാരി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ ആരോഗ്യരംഗത്ത് ആധുനികവും ജീവകാരുണ്യപരവുമായ മാറ്റങ്ങൾ വരുത്തിയാൽ കഴിഞ്ഞ വർഷങ്ങളിൽ പ്രൈവറ്റ് സ്കൂളുകൾ ഉപേക്ഷിച്ച് കുട്ടികൾ സർക്കാർ സ്കൂളുകളെ തേടിയതുപോലെ സ്വകാര്യ ആശുപത്രികളെ കൈവെടിയാൻ സന്തോഷത്തോടെ ജനം തയാറാകും.

ശൈലജ ടീച്ചറെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിന്,​ പാർട്ടിക്ക് മുഖങ്ങളല്ല പ്രധാനം എന്ന ന്യായം ഉണ്ടെങ്കിലും പുത്തരിയിൽ കല്ലുകടിച്ചതു പോലെയുള്ള അനുഭവമായി അത് ജനങ്ങൾക്ക് തോന്നി എന്നതും പറയാതിരിക്കുന്നത് ശരിയല്ല. പൊന്നുംകുടത്തിന് ഒരു പൊട്ട് കൂടി ചാർത്തുന്നതുപോലെ ശൈലജ ടീച്ചർകൂടി ഉണ്ടായിരുന്നെങ്കിൽ മന്ത്രിസഭ കൂടുതൽ ശോഭിക്കുമായിരുന്നു. ഇതിന്റെ അർത്ഥം അവർക്ക് പിന്നാലെ വരുന്നവരൊന്നും സമർത്ഥരല്ല എന്നല്ല. അതോടൊപ്പം തന്നെ ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി എന്ന വസ്‌തുതയും കാണാതിരുന്നുകൂടാ. ശൈലജ ടീച്ചറെ തേടി മറ്റൊരു സുവർണാവസരം വരില്ലെന്ന് ആർക്ക് ഇപ്പോൾ പറയാൻ കഴിയും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു കൊണ്ടാണ് ഇത്തവണ മന്ത്രിസഭയിൽ പ്രഗത്ഭരായ ചില ചെറുപ്പക്കാരെ കിട്ടിയതെന്ന വസ്തുത നാം കാണാതിരുന്നുകൂടാ. തോൽവിയും ജയവും തിരസ്കാരവും പുരസ്കാരവുമൊക്കെ സമചിത്തതയോടെ സ്വീകരിക്കുകയാണ് കരണീയം. പ്രത്യേകിച്ചും രാഷ്ട്രീയത്തിൽ.

ശൈലജ ടീച്ചറെ മാത്രമല്ല ഒഴിവാക്കിയത്. നല്ല മന്ത്രിയായിരുന്ന എം.എം. മണിയെ ഒഴിവാക്കി. അങ്ങനെ മറ്റ് പലരെയും. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒന്നാന്തരം മന്ത്രിമാരെന്ന് കണ്ണടച്ച് വിശേഷിപ്പിക്കാവുന്ന തോമസ് ഐസക്കിനെയും ജി. സുധാകരനെയും ഒഴിവാക്കി. പക്ഷേ അതൊന്നും തിരഞ്ഞെടുപ്പിൽ പ്രതികൂലമായ യാതൊരു പ്രതികരണവും വരുത്തിയില്ല. വ്യക്തികളേക്കാൾ കാര്യപ്രാപ്തിയുള്ള ഭരണകൂടത്തിനാണ് ജനം പ്രാധാന്യം നൽകുന്നത്. രണ്ടാംവരവിലെ പുതിയ ടീം അംഗങ്ങളെ നിരീക്ഷിച്ചാൽ അതവർക്ക് കഴിയില്ലെന്ന് പറയാനാവില്ല.

മരുമകനെ മന്ത്രിയാക്കി എന്ന് പരിഹാസരൂപേണ പലരും കളിയാക്കുന്നുണ്ട്. ആ മരുമകൻ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായത് ബന്ധുവാകുന്നതിന് മുമ്പാണ് എന്നത് ആരും വിസ്മരിക്കരുത്. കാര്യപ്രാപ്തി തെളിയിക്കുന്നതിലൂടെ പേരുദോഷം മാറ്റിയെടുക്കാൻ ആ ചെറുപ്പക്കാരന് കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജനങ്ങൾക്ക് അവരുടെ ജീവിതത്തെ ഉയർത്തുന്ന തെളിവുകളാണ് വേണ്ടത്. രണ്ടാം വരവിൽ സി.പി.എം മന്ത്രിസഭയ്ക്ക് ഇത് തെളിയിക്കാൻ കഴിഞ്ഞാൽ ഇന്ന് പരിഹസിക്കുന്ന അതേ ജനം തന്നെ നാളെ കൈയടിക്കും. അതോടൊപ്പം വിനയം സ്വഭാവമാക്കി മാറ്റാൻ എല്ലാ മന്ത്രിസഭാംഗങ്ങളും ശ്രദ്ധിക്കണം. അഹങ്കാരം കൂടിയാൽ പതനത്തിന് വേറൊരു ശത്രു വേണ്ട എന്നത് സംബന്ധിച്ച ഓർമ്മകൾ എപ്പോഴും ഉണ്ടായിരിക്കണം. എല്ലാവിധ ജനങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവൃത്തിക്കാൻ പുതിയ മന്ത്രിസഭയ്ക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

Advertisement
Advertisement