കൊവിഡ്: അനാഥരായ കുട്ടികളെ സംരക്ഷിക്കാൻ ഇടപെടലുമായി കേന്ദ്രം

Thursday 20 May 2021 1:09 AM IST

ന്യൂഡൽഹി: കൊവിഡ് മൂലം രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ചൈൽഡ് ലൈനിൽ അറിയിക്കണം. ശിശുക്ഷേമ സമിതി അടിയന്തര ഇടപെടൽ നടത്തണം. കുട്ടിയെ നോക്കാൻ ആരുമില്ലാത്ത നിലയിൽ കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ജില്ലാ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കണം. പ്രത്യേക കേസുകളിൽ ഓൺലൈനായി ഹാജരാക്കാം. കുട്ടിയെ ബന്ധുക്കളുടെ മേൽനോട്ടത്തിലാക്കിയാൽ കുട്ടിയുടെ ക്ഷേമം പതിവായി ശിശുക്ഷേമസമിതി അന്വേഷിക്കണം. നിയമവിധേയമായി കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിയെ സമീപിക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചു.

കൊവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സാചര്യത്തിലാണ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.

Advertisement
Advertisement