കെ. രാധാകൃഷ്ണന് ദേവസ്വം, ദൗത്യങ്ങൾ നിർണായകം

Thursday 20 May 2021 12:46 AM IST
പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനൊപ്പം കെ. രാധാകൃഷ്ണൻ.

തൃശൂർ: ഏറെ ശ്രദ്ധേയമായിരുന്ന, കൊച്ചിൻ ദേവസ്വം ബോർഡിലെ അബ്രാഹ്മണശാന്തി നിയമനങ്ങളുടെ തുടർച്ചയായി ദേവസ്വം വകുപ്പ് കെ. രാധാകൃഷ്ണനെ ഏൽപ്പിക്കുമ്പോൾ അദ്ദേഹത്തിന് മുന്നിലുള്ളത് നിർണായക ദൗത്യങ്ങൾ.

പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ നിന്ന് 39,400 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷം നേടിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആ മേഖലയിലെ അധഃസ്ഥിത, പിന്നാക്ക ജനതയുടെ പിന്തുണയായിരുന്നു. അതുകൊണ്ടു തന്നെ പ്രമുഖ ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡുകളിലും പിന്നാക്കക്കാരുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയെന്ന വെല്ലുവിളി അദ്ദേഹത്തിന്റെ മുന്നിലുണ്ടാകും.

ഗുരുവായൂർ ക്ഷേത്രത്തിൽ അടക്കം ജാതിവിവേചനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു, അടുത്തകാലത്ത് ചില ക്ഷേത്രകലാകാരൻമാരുടെ വെളിപ്പെടുത്തലുകൾ. ജാതിയുടെ പേരിൽ അവഗണിക്കുന്നുവെന്ന പരാതി പലപ്പോഴും മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഉയരാറുണ്ട്. ഇതെല്ലാം പരിഹരിക്കുകയെന്ന ഉത്തരവാദിത്വവും അദ്ദേഹം നിറവേറ്റുമെന്ന പ്രതീക്ഷയാണ് പിന്നാക്ക ജനവിഭാഗങ്ങൾക്കുളളത്. 1996 ൽ ഇതുപോലെ അപ്രതീക്ഷിതമായി പട്ടികജാതി ക്ഷേമ മന്ത്രിയായപ്പോൾ മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

വയനാട്, അട്ടപ്പാടി തുടങ്ങിയ ആദിവാസി മേഖലകളിലായിരുന്നു രാധാകൃഷ്ണന്റെ കണ്ണും മനസും. ചേലക്കരയിൽ പട്ടികജാതി പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയ പദ്ധതികൾ സംസ്ഥാനത്തിന് തന്നെ മാതൃകയായി. പാർശ്വവൽക്കരിക്കപ്പെട്ടവരും ദരിദ്രരും ഏറെയുണ്ടായിരുന്ന കുഗ്രാമമായിരുന്ന ചേലക്കര, ആധുനിക നഗരത്തിന്റെ പെരുമയിലെത്തിയത് രാധാകൃഷ്ണന്റെ ദീർഘവീക്ഷണത്താലാണ്. പാലങ്ങൾ, റോഡുകൾ,കോളേജുകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയെല്ലാം ചേലക്കരയിൽ ഉയർന്നത് ആ ഇച്ഛാശക്തിയിലാണ്.

ചേലക്കര മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടി' ആവിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ, അദ്ധ്യാപക രക്ഷാകർതൃസമിതികൾ, പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പഠനനിലവാരവും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവും ഉയർത്തിയാണ് വിദ്യാഭ്യാസ രംഗത്ത് ചേലക്കരയെ ഉയർത്തിയത്. കേരള കലാമണ്ഡലത്തിന്റെ പേരും പെരുമയും ഉയർന്നതും രാധാകൃഷ്ണന്റെ ശ്രമഫലമായിരുന്നു. ആ ഭരണമികവ്, ദേവസ്വം വകുപ്പിലുമുണ്ടാകുമെന്ന പ്രത്യാശയാണ് ഇന്നാട്ടുകാർ പങ്കിടുന്നത്.

22 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യാ ദളിത് ശോഷൺ മഞ്ച് പ്രസിഡന്റ് പദവി ലഭിച്ചപ്പോൾ തന്നെ, ദളിത്, പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമത്തിന് മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദളിതരും പിന്നാക്ക വിഭാഗക്കാരും ഇന്ത്യയിൽ ക്രൂരമായ അക്രമങ്ങൾക്ക് ഇരയാകുമ്പോൾ, ആ വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുക എന്നതാണ് പ്രധാന കടമയെന്നും അദ്ദേഹം. പ്രതികരിച്ചിരുന്നു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റായും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

Advertisement
Advertisement