മുഖം മിനുക്കാൻ സ്വന്തം ചാനൽ, ബി.ബി.സി മോഡൽ ചാനലുമായി പ്രസാർഭാരതി

Friday 21 May 2021 12:00 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവി‌ഡ് പ്രതിരോധം അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാകുന്ന തരത്തിൽ രാജ്യാന്തരമാദ്ധ്യമങ്ങൾ റിപ്പോർട്ടിംഗ് നടത്തുന്നുവെന്ന് കേന്ദ്രസർക്കാർ വിമർശിക്കുന്നതിനിടെ,​ സ്വന്തം ചാനൽ തുടങ്ങാനൊരുങ്ങി ദേശീയ വാർത്താപ്രക്ഷേപകരായ പ്രസാ‌ർ ഭാരതി. സ്വന്തം വീക്ഷണങ്ങൾ ലോകത്തെ അറിയിക്കാൻ ബി.ബി.സി വേൾഡ്​ മാതൃകയിൽ ചാനൽ തുടങ്ങാനാണ് നീക്കം.

പത്ത് വർഷം മുമ്പേ ചാനൽ തുടങ്ങാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചെന്നും കഴിഞ്ഞ മാർച്ചിൽ ഇതിന് അംഗീകാരം ലഭിച്ചെന്നും പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖർ വെമ്പതി വ്യക്തമാക്കി.

ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ 'ഡി.ഡി. അന്താരാഷ്ട്ര' ചാനൽ തുടങ്ങുന്നതിന് ആവശ്യമായ പദ്ധതികൾ തയാറാക്കാൻ ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ്. കൺസൾട്ടന്റ് സഹായം തേടിയുള്ള വിജ്ഞാപനം തയാറായി കഴിഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ രാജ്യത്തിന്റെ നിലപാട് എന്തെന്ന് ലോകത്തെ അറിയിക്കുകയാണ് ചാനലിന്റെ മുഖ്യലക്ഷ്യം. അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ദൂരദർശന്റെ തന്നെ ഇംഗ്ലീഷ് ചാനലായ ഡി.ഡി. ഇന്ത്യയ്ക്ക് സമാനമായാണ് പുതിയ ചാനലിന്റെ ഉള്ളടക്കം. 2019ൽ ചാനലിന് ഡി.ഡി. വേൾഡെന്ന് പേര് നൽകുകയും പിന്നീട് അത് മാറ്റുകയും ചെയ്തിരുന്നു.

പുതിയ ചാനലിനായി രാജ്യത്തുടനീളം ബ്യൂറോകൾ ആരംഭിക്കും. 24 മണിക്കൂറും വാർത്തകൾ ലഭ്യമാക്കുന്ന ലോക സർവീസ് സ്ട്രീമുകൾ കൺസൾട്ടൻസികൾ തയാറാക്കണം.

Advertisement
Advertisement