തൃശൂരിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, കസ്റ്റഡിയിൽ പ്രതി മരിച്ച കേസിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

Friday 21 May 2021 1:27 AM IST

തൃശൂർ: കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതികളായവരെ സർവീസിൽ തിരിച്ചെടുത്തു. കൊവിഡ് കെയർ സെന്ററിൽ തിരുവനന്തപുരം സ്വദേശി ഷെമീർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതികളാവുകയും പൊലീസിനെ കേസെടുത്ത്‌ റിമാൻഡ് ചെയ്ത ആറു പേരെ ആണ്‌ സർവീസിൽ തിരിച്ചെടുത്ത് നിയമനം നൽകിയത്. ജയിൽ ഉദ്യോഗസ്ഥരായ അരുൺ, അതുൽ, വിവേക്, പ്രദീപ്, സുഭാഷ്, രമേഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. എല്ലാവർക്കും കണ്ണൂർ സെന്റർ ജയിലിലേക്കാണ് നിയമനം. വിയ്യൂർ ജില്ല ജയിലിന്റെ കീഴിൽ ഉണ്ടായിരുന്ന റിമാൻഡ് തടവുകാരെ പാർപ്പിക്കുന്ന കൊവിഡ് കെയർ സെന്ററിൽ വച്ചാണ് ഷെമീർ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് സിറ്റി പൊലീസും തുടർന്ന് ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുകയും ആറു പേരും കുറ്റക്കാർ ആണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇവർക്ക് ജാമ്യം നൽകി. തുടർന്നാണ് ആറു പേർക്കും നിയമനം നൽകിയത്.

ജയിൽ വകുപ്പിൽ സ്ഥാന ചലനം

വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ. ജി. സുരേഷിനെ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായി നിയമിച്ചു. വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായിരുന്ന ടി. സുധീറിനെ സ്ഥാനക്കയറ്റം നൽകി വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായി നിയമിച്ചു. ജോയിന്റ് സൂപ്രണ്ടിന്റെ ഒഴിവിലേക്ക് രാജു എബ്രഹാമിനെ നിയമിച്ചു. വിയ്യൂർ അതീവ സുരക്ഷ ജയിലിലെ ജോയിന്റ് സൂപ്രണ്ട് സാജനെ ചീമേനി തുറന്ന ജയിൽ സൂപ്രണ്ടായി നിയമിച്ചു. അഖിൽ എസ്. നായരാണ് പുതിയ അതീവ സുരക്ഷ ജയിൽ ജോയിന്റ് സൂപ്രണ്ട്. ഇരിഞ്ഞാലക്കുട സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അൻവറിനെ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായി നിയമിച്ചു. മുട്ടം ജയിൽ സൂപ്രണ്ട് ശിവദാസ് ആണ് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട്.

Advertisement
Advertisement