വ്യാജവാറ്റ് പിടിക്കാൻ പരിശോധന ശക്തമാക്കി എക്‌സൈസ്

Friday 21 May 2021 12:47 AM IST

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് മദ്യ വിൽപ്പനയ്ക്ക് താത്കാലിക വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാജവാറ്റും വ്യാജ മദ്യവും ഒഴുകുന്നത് തടയാൻ ജില്ലയിൽ പരിശോധന ശക്തമാക്കി എക്‌സൈസ്. ഈ മാസം കഴിഞ്ഞ ദിവസം വരെ 88 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അഞ്ചു ദിവസം പിന്നിടുമ്പോൾ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാജവാറ്റ് വ്യാപകമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇത് തടയാനാണ് എക്‌സൈസിന്റെ വ്യാപക പരിശോധന ആരംഭിച്ചിരിക്കുന്നത്.

അട്ടപ്പാടി, വടക്കഞ്ചേരി തുടങ്ങിയ മലയോര മേഖലകൾ കേന്ദ്രീകരിച്ചും പരിശോധന കൂടുതൽ ശക്തമാണ്. ജില്ലയിൽ ചെർപ്പുളശ്ശേരി, കല്ലടിക്കോട്, മുണ്ടൂർ, തൃത്താല, ഒറ്റപ്പാലം, അട്ടപ്പാടി എന്നിവിടങ്ങളിലാണ് നിലവിൽ കൂടുതലായി അനതികൃത വാറ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ മദ്യ ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് എക്‌സൈസിന്റെയും പൊലീസും നിർദ്ദേശം. വാറ്റ് നടത്തിയിട്ടുള്ള പ്രദേശങ്ങളിലും പിടിയിലായ വ്യക്തികളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്ക് ഡൗണിലും ജില്ലയിൽ വ്യാജവാറ്റ് വ്യാപകമായതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിരുന്നു.

കാടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് നടത്തുന്നത്. അതിനാൽ ഇത്തരം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാണ്. കൂടാതെ അനധികൃത മദ്യ നിർമ്മാണം, വിപണം, മയക്കുമരുന്ന് കടത്ത് എന്നിവ സംബന്ധിച്ച് പരാതി നൽകാനായി വകുപ്പിന്റെ കീഴിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നിരവധി പരാതികൾ കൺട്രോൾ റൂമിലേക്ക് വരുന്നുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം പരിശോധനയും നടപടികളും ശക്തമാണെന്ന് എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിച്ചു.

Advertisement
Advertisement