പച്ചക്കറികൾക്ക് 'ബാർട്ടർ' സംവിധാനവുമായി കുന്നംകുളം

Thursday 20 May 2021 10:07 PM IST

കുന്നംകുളം: സാധനങ്ങൾക്ക് പകരം സാധനം നൽകുന്ന ബാർട്ടർ സംവിധാനവുമായി കുന്നംകുളം നഗരസഭയിലെ നെഹ്‌റു നഗർ 19ാം വാർഡ്. വീടുകളിൽ വിളയുന്ന പച്ചക്കറികളിൽ ആവശ്യമുള്ളവ എടുത്ത് കൂടുതലുള്ളവ അടുത്ത വീട്ടിലേക്ക് കൈമാറി പകരം മറ്റ് പച്ചക്കറികൾ ഏറ്റുവാങ്ങുന്നതാണ് ഈ രീതി.

നൂറോളം കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതിയുമായി സഹകരിക്കുന്നത്. കോൺഗ്രസ് കൗൺസിലർ ലബീബ് ഹസന്റെ നേതൃത്വത്തിൽ 18ന് പദ്ധതിക്ക് തുടക്കമായി. ആർ.ആർ.ടി അംഗം കെ.വി ഷാബു വാർഡിലെ താമസക്കാരിയായ കുന്നംകുളം സബ് ഇൻസ്‌പെക്ടർ വി. ഹേമലതയ്ക്ക് മൂവാണ്ടൻ മാങ്ങ കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

വീട്ടിലുണ്ടാകുന്ന മാങ്ങ, ചക്ക, നേന്ത്രപ്പഴം, ചെറുപഴം, ഇരുമ്പൻ പുളി, മുരിങ്ങക്കായ, വേപ്പില എന്നിവയ്ക്ക് പുറമെ ജൈവ രീതിയിലൂടെ ഉത്പാദിപ്പിക്കുന്ന വെണ്ടയ്ക്ക, വഴുതനങ്ങ എന്നിവയും ഇത്തരത്തിൽ കൈമാറും. വാർഡിലെ മിക്ക വീടുകളിലും ജൈവ പച്ചക്കറി തോട്ടമുണ്ട്. അവിടങ്ങളിലെല്ലാം വ്യത്യസ്തങ്ങളായ പച്ചക്കറികൾ ഉത്പാദിപ്പിക്കപ്പെടുന്നുമുണ്ട്.

ലോക്ഡൗൺ ആയതിനാൽ അവ കടകളിൽ കൊണ്ടുപോയി വിൽക്കാനാകാത്ത സ്ഥിതിയാണ്. ജൈവ രീതിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ കേടുവന്ന് പോകുന്നത് ഒഴിവാക്കുകയാണ് പ്രധാനലക്ഷ്യം. വാർഡിൽ വിളയുന്ന ജൈവ പച്ചക്കറികൾ എല്ലാ വീടുകളിലുമെത്തും എന്നതും ഏറെ ഗുണകരമാണ്. കൈമാറ്റം ചെയ്തിട്ടും അവശേഷിക്കുന്ന ഉത്പന്നങ്ങൾ റാപ്പിഡ് റെസ്‌പോൺസ് ടീം എറ്റെടുക്കുകയും വാർഡിലെ മറ്റ് വീടുകളിലേക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യും. ഇതിനായി വാർഡ് കൗൺസിലർ ഉൾപ്പെടെ 19 അംഗ സംഘം പ്രവർത്തിക്കുന്നുണ്ട്.

ജൈവരീതിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാത്തരം പച്ചക്കറികളും കൊവിഡ് കാലത്ത് ഉപയോഗിക്കാൻ വാർഡിലെ ജനങ്ങൾക്ക് ഇതുവഴി സൗകര്യമൊരുങ്ങി. പച്ചക്കറികൾ നശിച്ചുപോകാതെ ഉപയോഗപ്രദമാകുന്നു. വാർഡിലെ 100ഓളം വീടുകൾ പദ്ധതിയുമായി സഹകരിക്കുന്നു. കൂടുതൽ പേർ പദ്ധതിയിലേക്ക് ആകൃഷ്ടരായി വരുന്നുമുണ്ട്.


ലബീബ് ഹസൻ

കുന്നംകുളം നഗരസഭ 19ാം വാർഡ് കൗൺസിലർ

Advertisement
Advertisement