പ്രവാസിയെ പിഴിയുന്ന ട്രാവൽ മാഫിയ

Friday 21 May 2021 12:55 AM IST

ഇന്ത്യയിൽ കൊവിഡ് 19 രൂക്ഷമായതോടെ വളരെ പ്രതിസന്ധിയിലായവരാണ് പ്രവാസികൾ. രണ്ടാംതരംഗത്തിന്റെ വ്യാപനം ശക്തമായതോടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾ ഒന്നടങ്കം ധർമ്മസങ്കടത്തിലായി. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും അധികം മലയാളികൾ ഉള്ളത് സൗദി അറേബ്യയിലാണ്. രണ്ടു മാസങ്ങൾക്കു മുൻപ് തന്നെ ഇന്ത്യയിൽനിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ മറ്റുള്ള ഗൾഫ് രാജ്യങ്ങൾ വഴി മലയാളികളായ യാത്രക്കാർ സൗദി അറേബ്യയിൽ എത്തിക്കൊണ്ടിരുന്നു. എന്നാൽ പൊടുന്നനെയാണ് ഏപ്രിൽ 24 മുതൽ യു.എ.ഇയിലേക്കുള്ള യാത്രക്കാരെ വിലക്കിക്കൊണ്ടുള്ള നിയമം നടപ്പിലായത്. എന്നാൽ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വഴി യുഎഇയിൽ എത്താനുള്ള മാ‌ർഗം തെളിഞ്ഞതോടെ ഏപ്രിൽ അവസാനം വരെ വലിയ ബുദ്ധിമുട്ടില്ലായിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ഇന്ത്യയുടെ അയൽ രാജ്യങ്ങൾ വഴിയുള്ള യാത്രയും തടസപ്പെട്ടു. പിന്നീട് പ്രവാസി മലയാളികളുടെ ഏക ആശ്രയം ബഹറൈൻ വഴിയുള്ള യാത്രയായി. ഏകദേശം എഴുപതിനായിരം രൂപ കൊടുത്ത് ബഹറൈൻ വഴിയുള്ള വൺവേ ടിക്കറ്റും ഒന്നരലക്ഷം രൂപയോളം വരുന്ന ബഹറൈൻ ക്വാറന്റയിൻ പക്കേജും! വടക്കൻ കേരളത്തിലുള്ള ട്രാവൽ മാഫിയകളാണ് ഈ വലിയ കൊള്ളയ്ക്ക് പിന്നിൽ. മഹാമാരി ലോകമെമ്പാടും മനുഷ്യരെ സാമ്പത്തികമായും മാനസികമായും തകർത്തു തരിപ്പണമാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്രയും വലിയ തുക വാങ്ങി മലയാളിയെ ചൂഷണം ചെയ്യുന്നത്. ഒന്നരലക്ഷം രൂപ വരുന്ന പാക്കേജിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഇനി പറയുന്നവയാണ്

1. ബഹറൈൻ വിസിറ്റ് വിസ

2. മൂന്ന് പി സി ആർ ടെസ്റ്റുകൾ

3. 14 ദിവസം താമസം (ഒരു മുറിയിൽ രണ്ടുപേർ വീതം)

4. 14 ദിവസത്തെ ഭക്ഷണം

5. യു.എ.ഇ യിലേക്കുള്ള ടിക്കറ്റ്.

എന്നാൽ ബഹറൈൻ എന്ന രാജ്യത്തെക്കുറിച്ച് ഒന്നും അറിവില്ലാത്ത പാവം മലയാളി പ്രവാസികളാണ് ഒന്നരലക്ഷം മുടക്കി ഇത്തരം ചൂഷണങ്ങൾക്ക് വിധേയരാകുന്നവരിൽ അധികവും, നോർക്ക പോലുള്ള കേരള ഗവൺമെന്റ് സംവിധാനങ്ങൾ അടിയന്തരമായി ഉപയോഗപ്പെടുത്തി ഇത്തരം മാഫിയകളെ നിലക്ക് നിറുത്താനുള്ള സംവിധാനം ഉണ്ടകേണ്ടതാണ്.

14 ദിവസത്തെ ക്വാറന്റയിൻ

ചെലവ് ഇത്രമാത്രം

1. വിസിറ്റ് വിസ പതിനൊന്നായിരം രൂപ

2. യുഎഇയിൽ വാക്‌സിൻ എടുത്തവർക്ക് ബഹറൈനിൽ പിസിആർ ടെസ്റ്റ് ഇല്ല

3. ഭക്ഷണം ഒമ്പതിനായിരം രൂപ

4. ഹോട്ടൽ താമസം പതിനയ്യായിരം രൂപ

5. ദുബായിലേക്കുള്ള ടിക്കറ്റ് പന്ത്രണ്ടായിരം രൂപ. മൊത്തം നാൽപത്തിയേഴായിരം രൂപ ചെലവ് വരുന്നതിനാണ് ഒന്നരലക്ഷം രൂപ ഈടാക്കുന്നത്. മലയാളികളായ പ്രവാസികളിലധികവും സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ്, കൊവിഡ് വന്നതോടുകൂടി 25ശതമാനത്തിലധികം പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി. 50ശതമാനത്തിലധികം പ്രവാസികളുടെ ശമ്പളം പകുതിയാക്കി. എന്ത് ചെയ്യണം എന്നറിയാൻ വയ്യാതെ നിൽക്കുന്ന പ്രവാസികൾക്ക് നോർക്ക പോലുള്ള കേരള ഗവൺമെന്റ് സംവിധാനങ്ങളുടെ അടിയന്തരസഹായം ഉണ്ടാകണം. കാരണം യുഎഇ യിലേക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടിയിരിക്കുകയാണ് . അതുകൊണ്ട് കേരളത്തിൽനിന്ന് യു.എ.ഇ യിലേക്കുള്ള യാത്ര ബഹറൈൻ വഴിയാകാനുള്ള സാദ്ധ്യത കൂടുതലാണ്. ബഹറൈൻ വഴി യു.എ.ഇയിൽ എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ ദയവായി ബഹറൈനിലുള്ള നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടിയന്തര സഹായം അഭ്യർത്ഥിക്കുക, അല്ലാത്തപക്ഷം ഇത്തരം ചതിക്കുഴികളിൽ പെടാനുള്ള സാധ്യതയേറെയാണ് .

(ലേഖകന്റെ ഫോൺ +97338202748)

Advertisement
Advertisement