പാലിൽ കലരുന്ന കണ്ണീർ...

Friday 21 May 2021 1:12 AM IST

മിൽമ മലബാർ മേഖല വൈകിട്ടുള്ള പാൽസംഭരണം നിറുത്തിയത് കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് ഇരട്ടി പ്രഹരമേല്‌പിച്ചിരിക്കുകയാണ്. ക്ഷീരവികസന വകുപ്പിന്റെയും മിൽമയുടെയും ഒട്ടും ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളുടെയും ഉദ്യോഗസ്ഥരുടെ അലംഭാവത്തിന്റെയും വില ഇന്നാട്ടിലെ പാവപ്പെട്ട കർഷകർ നല്കേണ്ട ഗതിയാണ്. കഴിഞ്ഞ വർഷവും സമാനരീതിയിൽ പാൽ സംഭരണം നിറുത്തിയെങ്കിലും സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. കൊവിഡ് രണ്ടാംതരംഗത്തെ തുടർന്നുള്ള സമ്പൂർണ അടച്ചുപൂട്ടലിൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നതാണ് യാഥാർത്ഥ്യം. പേപ്പറിലുള്ള പദ്ധതികൾക്ക് ഇനിയെങ്കിലും ജീവൻ വച്ചില്ലെങ്കിൽ ഭാവിയിൽ തുടരെത്തുടരെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ട അവസ്ഥയുണ്ടാകും. താത്കാലിക പരിഹാരത്തിനുമപ്പുറം ഒരു ബദൽ ഈ മേഖലയിൽ ഉണ്ടാവേണ്ടതുണ്ട്. സംഭരിക്കുന്ന പാൽ വിപണനം ചെയ്യാനുള്ള മാർക്കറ്റ് ഒരുക്കണം, അധിക പാൽ - പാലുത്പന്നങ്ങൾ നിർമ്മിക്കാൻ നൽകണം. സംസ്ഥാനത്തുതന്നെ അത്തരം സൗകര്യം ഒരുക്കാൻ സർക്കാരിന് കഴിയണം. അതാണ് ശാശ്വത പരിഹാരമാർഗം, അതാണ് കർഷകരുടെയും ആവശ്യം.

പാൽ സംഭരിക്കാതിരുന്നാൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി ഒന്നര ലക്ഷത്തിലധികം ക്ഷീരകർഷകരാണ് പ്രതിസന്ധിയിലാകുന്നത്. വേനൽമഴ ലഭിച്ചതോടെ മലബാർ മേഖലയിൽ പ്രതിദിന പാൽസംഭരണം 7.85 ലക്ഷം ലിറ്ററായി ഉയർന്നിരുന്നു. അഞ്ചുലക്ഷം ലിറ്റർ പാൽ വില്പന നടത്തി ബാക്കിയുള്ള പാൽ മറ്റ് മേഖലാ യൂണിനുകൾക്ക് നൽകിയും, പാൽപ്പൊടിയും, നെയ്യുമാക്കി മാറ്റിയാണ് അധികമായുള്ള പാലിന്റെ പ്രതിസന്ധി പരിഹരിച്ചത്. എറണാകുളം, തിരുവന്തപുരം മേഖലാ യൂണിയനുകളിലും പാൽസംഭരണം വർദ്ധിച്ചതോടെ മലബാറിൽ നിന്ന് പാൽ വാങ്ങുന്നത് നിറുത്തുകയും ചെയ്തു. ഇതിനിടെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ കടകൾ അടഞ്ഞുകിടക്കുന്നതും, പൊതുപരിപാടികൾ ഇല്ലാതായതിനാലും പാൽ വില്പന നാലുലക്ഷം ലിറ്ററായി കുത്തനെ കുറഞ്ഞു. ഇതോടെ മിച്ചം വരുന്ന പാൽ പൊടിയാക്കി മാറ്റാൻ കഴിയാത്ത രീതിയിൽ മേഖലാ യൂണിയൻ പ്രതിസന്ധിയിലായി. ഇതിനിടെ കഴിഞ്ഞ ദിവസം പാൽസംഭരണം എട്ടു ലക്ഷം ലിറ്ററിനടുത്ത് എത്തുകയും ചെയ്തതോടെയാണ് ചൊവ്വാഴ്ച മുതൽ വൈകിട്ട് കർഷകരിൽ നിന്ന് പാൽ സംഭരിച്ച് മിൽമയിലേക്ക് നൽകേണ്ടതില്ലെന്ന് സംഘങ്ങൾക്ക് കത്ത് നൽകിയത്.

ആദ്യദിവസങ്ങളിൽ വൈകിട്ട് കറന്ന പാൽ പലർക്കും കുറഞ്ഞ വിലയ്ക്കും സൗജന്യമായും വിതരണം ചെയ്തെങ്കിലും വരും ദിവസങ്ങളിൽ എന്തുചെയ്യുമെന്ന് അറിയാതെ ആശങ്കയിലാണ് ജില്ലിയിലെ ക്ഷീരകർഷകർ. അധിക പാൽ കൊവിഡ് കെയർ സെന്ററുകളിലേക്ക് കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയെങ്കിലും തീരുമാനം നടപ്പാകുന്നതുവരെ കർഷകരുടെ നെഞ്ചിൽ ഉള്ളുപൊള്ളിക്കുന്ന തീയാണ്. പകലന്തിയോളം പണിയെടുത്ത് കറന്നെടുത്ത പാൽ ആർക്കും വേണ്ടാതെ ഒഴുക്കി കളയുമ്പോൾ കർഷകന്റെ കണ്ണിൽ നിന്ന് ചുടുകണ്ണീരും ഒഴുകിയെത്തുന്നത് കാണാം. ഇനിയെങ്കിലും ക്ഷീരവികസന വകുപ്പ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കർഷകർ തിരിച്ചുവരാൻ കഴിയാത്ത വലിയ കടക്കെണിയിലേക്ക് നീങ്ങും.

നിർമ്മാണ - വിപണന സാദ്ധ്യത

ക്ഷീരകർഷകർ നൽകുന്ന പാൽ മുഴുവൻ എടുക്കില്ലെന്ന മിൽമയുടെ നിലപാട് ക്ഷീരോത്‌പാദന മേഖലയുടെ തകർച്ചയ്ക്കു വഴിയൊരുക്കുകയാണ് . പാൽ ഉത്പാദനം വർദ്ധിക്കുന്നതിന് ആനുപാതികമായി നമ്മുടെ സംഭരണശേഷി ഉയരുന്നില്ല. ആലപ്പുഴയിൽ ഒരു പാൽ സംസ്‌കരണ ശാലയുണ്ടെങ്കിലും അതിപ്പോഴും പ്രവർത്തനക്ഷമമല്ല. കഴിഞ്ഞ വർഷം ഇതേ പ്രശ്‌നമുണ്ടായപ്പോൾ ആ ഫാക്ടറി പ്രവർത്തിപ്പിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും നടപ്പായില്ലെന്നത് ഈ വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയുടെ തെളിവാണ്. ക്ഷീരസംഘങ്ങൾ പാൽ ഉത്പന്ന നിർമ്മാണ സംരംഭങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഇതുരണ്ടും സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ബാദ്ധ്യത ഉയരാനുള്ള പ്രധാന കാരണമാണ്, പ്രത്യേകിച്ചും മലബാർ മേഖലയിൽ. ഇതിന്റെ ഉത്തരവാദിത്തം ക്ഷീരവികസന വകുപ്പിനാണ്. കർഷകർക്ക് കന്നുകാലികളെ വളർത്താനുള്ള പ്രോത്സാഹനം നൽകുന്നത് മാത്രമല്ല അവരുടെ ഉത്പന്നങ്ങൾക്ക് പുതിയ സാദ്ധ്യത തുറന്നുകൊടുക്കുന്നതും ക്ഷീരവികസനത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഈ വകുപ്പിനും ഉദ്യോഗസ്ഥർക്കും ഉണ്ടാകണം. കടമകളിൽ ഊന്നി ക്ഷീരവികസന വകുപ്പ് പ്രവർത്തിച്ചിരുന്നെങ്കിൽ, ഉത്പാദിപ്പിക്കുന്ന പാൽവിപണനം ചെയ്യാനാവാതെ അവ ഒഴുക്കി കളയേണ്ട ദുരവസ്ഥ ക്ഷീരകർഷകർക്ക് വരില്ലായിരുന്നു. ക്ഷീരവികസന വകുപ്പിനെക്കൊണ്ടും മിൽമയെക്കൊണ്ടും പാൽസംഭരണം, ഉപോത്പന്ന നിർമ്മാണം, വിപണനം എന്നീ മേഖലകളിൽ ഊന്നിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ സർക്കാർ തയ്യാറായാൽ മാത്രമേ കേരളത്തിലെ ക്ഷീരകർഷകർ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുകയുള്ളൂ.

ചിറ്റൂരിൽ പാലുത്പാദനം 23 ശതമാനം വർദ്ധിച്ചു

ചിറ്റൂർ മേഖലയിൽ 59 ക്ഷീര സംഘങ്ങളുണ്ട്. മിൽമ നൽകിയ ക്വാട്ട പ്രകാരം 1.30ലക്ഷം ലിറ്റർ പാലാണ് സംഘങ്ങൾ വഴി സംഭരിക്കുന്നത്. ഇതിനെക്കാൾ കൂടുതൽ പാലുത്പാദനം ഈ മേഖലയിൽ നടക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതിർത്തി പ്രദേശങ്ങളിൽ പതിനായിരക്കണക്കിന് ലിറ്റർ പാൽ സംഭരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ പാൽകമ്പനികൾ അതിനുദാഹരണമാണ്. 10 മുതൽ 500 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്ന കർഷകരുണ്ട് പാലക്കാടിന്റെ കിഴക്കൻ മേഖലയിൽ. ലോക്ക് ഡൗണിൽ വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നല്ലൊരു ഭാഗം യുവാക്കളും ഉപജീവനമാർഗമായി തിരഞ്ഞെടുത്തത് ക്ഷീരമേഖലയെയാണ്. അതിന്റെ ഫലമായി ഒരു വർഷത്തിനിടെ ചിറ്റൂരിന്റെ പാലുത്പാദനം 23 ശതമാനം വർദ്ധിച്ചു.

കിഴക്കൻ മേഖലയുടെ ഭാഗമായ അതിർത്തി പ്രദേശമാണ് കൊല്ലങ്കോട്. പാലുത്പാദനം കുടുംബത്തിന്റെ പ്രധാന വരുമാന മാർമായി കൊണ്ടുനടക്കുന്ന സ്ത്രീകളുള്ള പഞ്ചായത്തുകളാണ് മുതലമട, കൊലങ്കോട്, പല്ലശേന, വടവന്നൂർ, എലവഞ്ചേരി എന്നിവ. രണ്ടുമുതൽ ആറ് കറവപ്പശുക്കൾ വരെയുള്ളവരും വലിയ ഫാം നടത്തുന്നവരും ഈ മേഖലകളിലുണ്ട്. ഉച്ചയ്ക്ക് ശേഷം മാത്രം 5000 ലധികം ലിറ്റർ പാൽ സംഭരിക്കുന്ന സംഘങ്ങളുണ്ട് മുതലമടയിൽ. ക്ഷീരസംഘങ്ങൾക്ക് മീതെ കടുത്ത നിയന്ത്രണങ്ങൾ മിൽമ ഏറ്റെടുക്കുമ്പോൾ പട്ടിണിയാകുന്നത് സാധാരണക്കാരായ ആയിരക്കണക്കിന് ക്ഷീരകർഷകരാണ്. ഈ മേഖലയുടെ ആരോഗ്യം നിലനിറുത്താൻ അടിയന്തര ഇടപെടലുകളാണ് ഇനിയാവശ്യം. പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

Advertisement
Advertisement